റോം : മനുഷ്യന്റെ സ്വാതന്ത്ര്യത്തെ കൂട്ടിലടയ്ക്കാൻ കൊവിഡ് 19ന് കഴിഞ്ഞു. എന്നാൽ പ്രകൃതിയെ തന്റെ നിയന്ത്രണത്തിലാക്കാൻ കൊവിഡിന് കഴിയില്ല. പൂവ് ഇറുത്തുമാറ്റാനാകും എന്നാൽ വസന്തത്തെ തടയാനാകില്ലല്ലോ. ! മാസങ്ങൾക്ക് മുമ്പ് ജപ്പാനിൽ ചെറിബ്ലോസം സീസൺ ചിറകു വിരിച്ചതും യൂറോപ്യൻ നാടുകളിൽ ടുലിപ് വസന്തം പെയ്തിറങ്ങുന്നതും ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും വെർച്വലായി കാണാനേ മനുഷ്യർക്ക് കഴിഞ്ഞുള്ളു. പ്രതിവർഷം ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് വസന്തകാലം ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്. ഇത്തവണ എല്ലാം നിശ്ചലമായിരുന്നു. ഇപ്പോഴിതാ കൊവിഡ് കനത്ത നാശം വിതച്ച ഇറ്റലിയിലും പ്രതീക്ഷയുടെ വസന്തം തീർക്കുകയാണ് പ്രകൃതി.
ഇറ്റലിയിലെ അംബ്രിയയിലെ കാസ്റ്റെലൂഷ്യോ എന്ന ഗ്രാമത്തിൽ നിന്നുള്ള കാഴ്ചയാണിത്. എല്ലാ വർഷത്തെ പോലെയും ഇത്തവണയും ഈ ഗ്രാമത്തിലെ പാടങ്ങളിൽ വിവിധ വർണങ്ങളിലുള്ള പൂക്കൾ പൂവിട്ടിരിക്കുകയാണ്.
പോപ്പി, ഡെയ്സി, കോൺഫ്ലവർ, വയലറ്റ്, ടുലിപ് ഇങ്ങനെ ഡസൻ കണക്കിന് ഇനങ്ങൾ മഴവില്ല് വിരിയിക്കുകയാണ് ഇവിടെ. ആപെനൈൻ പർവത നിരകളുടെ താഴ്‌വരയിൽ പൂത്തുലഞ്ഞ് നില്ക്കുന്ന ഈ മനോഹര ദൃശ്യം കാണാൻ നിരവധി പേർ എത്തുന്നുണ്ട്. മേയ് മുതൽ ജൂലായ് വരെയാണ് ഇവിടുത്തെ ടൂറിസ്റ്റ് സീസൺ. പൂക്കൾ മാത്രമല്ല, ധാന്യ വിളകൾക്കും പ്രസിദ്ധമാണ് കാസ്റ്റെലൂഷ്യോ ഗ്രാമം.
242,149 പേർക്കാണ് ഇറ്റലിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 34,914 പേർ മരിച്ചു. മാർച്ച് പകുതി മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം തിരിച്ചു വരവിനൊരുങ്ങുകുകയാണ് ഇറ്റലി. നിബന്ധനകളോടെ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. അതേ സമയം, ഇറ്റലിയിൽ കൊവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ദ്ധർ നൽകുന്നുണ്ട്. 13,600 ഓളം പേരാണ് ഇപ്പോഴും രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ 100 ഓളം പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്നതെന്ന് ഇറ്റാലിയൻ സർക്കാർ പറയുന്നു.