കുവൈറ്റ് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പരീക്ഷണ കാലഘട്ടത്തിലൂടെയാണ് ഓരോരുത്തരും കടന്നുപോകുന്നത്. കൊവിഡ് ഭീതിക്കൊപ്പം തൊഴില്‍ നഷ്ടവും ഭീതിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ഇതിനിടയിലാണ് ഇടിത്തീപോലെ കുവൈറ്റ് എട്ടുലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളെ തിരിച്ചയക്കുമെന്ന വാര്‍ത്ത ദേശീയ മാദ്ധ്യമങ്ങളിലടക്കം വന്നത്. ഇതില്‍ എറ്റവും ആശങ്കപ്പെടുന്നത് മലയാളി പ്രവാസികളാണ്, കാരണം എണ്ണത്തില്‍ ഇന്ത്യയില്‍ നിന്നും എത്തിയവരില്‍ വലിയൊരളവും മലയാളികളാണെന്നത് തന്നെ. എന്നാല്‍ കേട്ടതിനപ്പുറം വലിയ ചലനങ്ങളൊന്നും ഇപ്പോഴത്തെ ഈ നീക്കത്തിലുണ്ടാവില്ല എന്നു വിലയിരുത്തപ്പെടുന്നു.
പ്രവാസികളായെത്തുന്നവരെ നിയന്ത്രിക്കുവാനായി ഓരോ രാജ്യത്തിനും ക്വാട്ട നിശ്ചയിക്കുന്നതിന് കുവൈത്ത് പാര്‍ലമെന്റ് നടപടി സ്വീകരിച്ചതാണ് ഇപ്പോഴത്തെ ആശങ്കകള്‍ക്ക് കാരണമാകുന്നത്. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനും ജനസംഖ്യാ സന്തുലനത്തിനുമാണ് ഇത്തരമൊരു നീക്കത്തിന് ഈ ഗള്‍ഫ് രാജ്യത്തെ നിയമനിര്‍മ്മാണസഭ ഒരുങ്ങുന്നത്.
എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരും ഇവിടെയുണ്ട്. ഈ നിയമം നിര്‍മ്മിച്ച് നടപ്പിലാക്കിയാല്‍ പ്രായാഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാവുമെന്നത് തന്നെ കാരണം, കൂടാതെ മാനുഷികമായ പരിഗണനയും ഈ പ്രവര്‍ത്തിയില്‍ നിന്നും ഭരണകൂടത്തെ വിലക്കിയേക്കും. ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ തന്നെ ക്വാട്ട നിശ്ചയിക്കുന്നതിനും അതിന്റെ പ്രായോഗികതയെ കുറിച്ച് മനസിലാക്കുന്നതിനുമായി ഒരു സമിതി രൂപീകിരക്കുവാനാണ് ശുപാര്‍ശ വന്നിരിക്കുന്നത്. ഈ സമിതിയുടെ പഠനഫലം വന്നശേഷം മാത്രമേ തുടര്‍ നടപടികളുണ്ടാവു. അത് പാര്‍ലമെന്‍ും മന്ത്രിസഭയും അംഗീകരിക്കുകയും വേണം.
കുവൈറ്റില്‍ ഇപ്പോഴുള്ള ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഒടുവിലത്തെ കണക്കനുസരിച്ച് പത്തര ലക്ഷമാണ്. പുതിയ നിയമം നടപ്പിലാക്കിയാല്‍ ഒരോ രാജ്യത്തിനും അനുവദിക്കുന്ന ക്വാട്ട കുവൈത്തിലെ ആകെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനമാണ്, ഇങ്ങനെ കണക്കുകൂട്ടിയാല്‍ ആറര ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇവിടെ തൊഴിലെടുക്കാനാകും. ഇപ്പോള്‍ പുറത്തുവന്നതു പോലെ വലിയൊരു കൊഴിഞ്ഞുപോക്ക് ആവശ്യമായി വരികയുമില്ല. ഇനി ഇതിനെല്ലാത്തിനുമുപരിയായി ഇന്ത്യന്‍ പ്രവാസികള്‍ പ്രത്യേകിച്ച് മലയാളികളുടെ സേവനം വേണ്ടെന്ന് വയ്ക്കുവാന്‍ കുവൈത്തിനെന്നല്ല ഒരു ഗള്‍ഫ് രാജ്യത്തിനുമാവില്ല. ഇന്ത്യന്‍ പ്രവാസികളുടെ വിയര്‍പ്പില്‍ കെട്ടിപ്പൊക്കിയതാണ് ഗള്‍ഫ് എന്ന വികാരം ഇവിടെയുള്ളവരുടേയും മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുള്ളതാണ്. പ്രത്യേകിച്ച് കൊവിഡ് സമയത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍.