covid-

കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുളള കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരാഴ്ചയായി കാണാനാവുന്നത്. ഇതില്‍ രോഗ ഉറവിടം മനസിലാക്കാനാവാത്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് വെല്ലുവിളിയായി തുടരുകയും ചെയ്യുന്നു. ഇതിന് പുറമേ ഉറവിടം അറിയാതെ ഒരു പ്രദേശത്ത് കൂടുതല്‍ പേരില്‍ രോഗം പടരുന്ന അവസ്ഥയ്ക്കും തലസ്ഥാന ജില്ലയിലെ പൂവാര്‍ സാക്ഷ്യം വഹിച്ചു. ഈ അവസരത്തില്‍ കേരളത്തില്‍ രോഗ പ്രതിരോധത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും എത്രത്തോളം പിന്തുണയും അവബോധവും ആവശ്യമാണ് എന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതുകയാണ് സമൂഹമാദ്ധ്യമങ്ങളിലെ ജനകീയ ഡോക്ടര്‍മാരിലൊരാളായ ഡോ. ജിനേഷ്.

രോഗ വ്യാപനത്തിന് പ്രവാസികളെയും മറ്റു സംസ്ഥാനങ്ങലില്‍ നിന്നും വരുന്നവരെയും കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നും സാമൂഹിക അകലവും മാസ്‌ക് ധാരണം തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അനാവശ്യമായ കൂടിച്ചേരലുകള്‍ രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. അതുപോലെ ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യ സംവിധാനങ്ങളും ചെറിയ രീതിയിലെങ്കിലും തളര്‍ന്നു തുടങ്ങിയെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജൂലൈ 1 - 13
ജൂലൈ 2 - 14
ജൂലൈ 3 - 27
ജൂലൈ 4 - 17
ജൂലൈ 5 - 38
ജൂലൈ 6 - 35
ജൂലൈ 7 - 68
ജൂലൈ 8 - 90

കഴിഞ്ഞ എട്ട് ദിവസങ്ങളില്‍ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റും എണ്ണം കൂടി പരിഗണിച്ചാല്‍ കുറച്ചു കൂടി വരും.

പുറത്തുനിന്നു വരുന്നവരില്‍ പോസിറ്റീവായ കേസുകള്‍ അല്ല ഇത് എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും മനസ്സിലാക്കണം. ഇങ്ങനെ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം പ്രവാസികളുമല്ല. കൃത്യമായ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് തന്നെയാണ് പ്രധാന കാരണം.

ചെവിയില്‍ കുണുക്ക് പോലെ മാസ്‌ക് തൂക്കുന്നവരും താടിയിലും കഴുത്തിലും മാസ്‌ക് ധരിക്കുന്നവരും ശാരീരിക അകലം പാലിക്കുന്നതിന് പകരം ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നവരും ഒക്കെ രോഗവ്യാപനം വേഗത്തിലാക്കും എന്ന് മറക്കരുത്. അതിന് പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് വന്നവരെയും തെറി വിളിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നെങ്കിലും മനസ്സിലാകണം. അതുപോലെതന്നെ, കേരളത്തില്‍ എത്തുന്നവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നതും ഗുരുതരമായ പ്രശ്‌നം തന്നെയാണ്. അതും ആവര്‍ത്തിക്കാന്‍ പാടില്ല.

സ്വയം ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാല്‍ ഇപ്പോഴുള്ള എണ്ണം എങ്ങനെ മുന്നോട്ടു പോകും എന്ന് അറിയണമെങ്കില്‍ ഇറ്റലിയിലേക്കും ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കും ബ്രസീലിലേക്കും ഒന്നും നോക്കണ്ട. തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്ക് നോക്കിയാല്‍ മതി. മഹാനഗരങ്ങളിലേക്ക് നോക്കിയാല്‍ മതി. മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് നോക്കിയാല്‍ മതി.

ആ അവസ്ഥയിലേക്ക് വളരാതിരിക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ ശ്രദ്ധിക്കണം. ആശുപത്രി സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാല്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ഓരോരുത്തരും ഉത്തരവാദിത്വം കാണിക്കുക എന്നത് മാത്രമാണ് പോംവഴി.

ഒരിക്കല്‍ പിടിവിട്ടാല്‍ തിരിച്ചുപിടിക്കാനും എളുപ്പമല്ല.

ഓസ്‌ട്രേലിയയില്‍ നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിക്ടോറിയയില്‍ നൂറിനു മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇവിടെ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. ഇന്ത്യയുടെ ഒന്നര മടങ്ങ് വലിപ്പമുള്ള, കേരളത്തേക്കാള്‍ ജനസംഖ്യ കുറഞ്ഞ, ഉയര്‍ന്ന സാമ്പത്തിക സ്ഥിരതയും സാമൂഹ്യസുരക്ഷയും ഉള്ള ഒരു രാജ്യത്തെ കാര്യമാണ്. കാരണം ശക്തമായ പ്രതിരോധ നടപടികളിലൂടെ മുന്‍പോട്ട് പോയേ പറ്റൂ...

ഒരു കാര്യം കൂടി തുറന്നു പറയാം. ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യ സംവിധാനങ്ങളും ചെറിയ രീതിയിലെങ്കിലും തളര്‍ന്നു തുടങ്ങി. പുറത്തു പറയുന്നില്ലെങ്കിലും ഇത്ര ദീര്‍ഘമായ പ്രക്രിയ ആയതിനാല്‍ ഭരണസംവിധാനങ്ങളും തളരാനുള്ള സാധ്യതയുണ്ട് എന്ന് മറക്കരുത്.

അതു കൊണ്ട് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ ഒന്നും പറയുന്നില്ല. ഓരോരുത്തരും സ്വയം ചിന്തിക്കുക. ഇനിയും തിരിച്ചറിവുണ്ടായില്ലെങ്കില്‍ ബുദ്ധിമുട്ടാവും എന്നെങ്കിലും മനസ്സിലാക്കണം.