ന്യൂഡൽഹി:ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വ്യക്തമാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി).ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ അടക്കമുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ക്കൊപ്പം അവ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന് (കണ്‍ട്രി ഓഫ് ഒറിജിന്‍) കൂടി വ്യക്തമാക്കണം. ആഗസ്റ്റ് ഒന്നിന് മുമ്പായി ഇത് നിലവില്‍ വരണമെന്നും ഡിപിഐഐടി അറിയിച്ചു.
നിലവിൽ വന്നാൽ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന ഉത്പന്നത്തിന്റെ വിവരങ്ങള്‍ക്കൊപ്പം പുതുതായി അതേത് രാജ്യത്തില്‍ നിന്നുള്ളതാണെന്നും തിരിച്ചറിയാന്‍ സാധിക്കും.ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യം ചൈനീസ് ആപ്പുകളടക്കം നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്തില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അഭിഭാഷകനായ അമിത് ശുക്ല ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് വെബ്‌സൈറ്റുകളില്‍ ഉത്പന്നങ്ങള്‍ക്കൊപ്പം രാജ്യത്തിന്റേ പേരും പ്രദര്‍ശിപ്പിക്കണമെന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോടും കേന്ദ്ര വാണിജ്യ മന്ത്രാലയത്തോടും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ഡി.പി.ഐ.ഐ.ടി കര്‍ശന നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന യോഗത്തില്‍ എല്ലാ ഇ-കൊമേഴ്സ് കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് സന്ദേശം കൈമാറി.