mayor

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദിനംപ്രതി സമ്പർക്കവ്യാപനം നഗരത്തിൽ കൂടിവരുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പൂന്തുറ അടക്കമുള്ള പ്രദേശങ്ങളിൽ സൂപ്പർ സ്‌പ്രെഡിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്. നഗരം അതീവ ജാഗ്രതയിൽ കഴിയവെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ. ശ്രീകുമാർ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണല്ലോ. ഇതുവരെയുള്ള ജനങ്ങളുടെ സഹകരണം എങ്ങനെയാണ് ?

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ട് ഇന്ന് നാല് ദിവസം ആവുകയാണ്. പൂർണ സഹകരണം തന്നെയാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പൂന്തുറ പോലുള്ള ചില കേന്ദ്രങ്ങളിൽ മാത്രമാണ് സൂപ്പർ സ്പ്രെഡ് ഉണ്ടായിട്ടുള്ളത്. അവിടെ കാര്യക്ഷമമായുള്ള സജ്ജീകരണങ്ങളാണ് നടക്കുന്നത്. ആരോഗ്യ വകുപ്പും പൊലീസും കമാൻഡോകളും എല്ലാം പൂന്തുറയിലെ കാര്യങ്ങളിൽ കൃത്യമായി ഇടപെടുന്നുണ്ട്. തീരദേശത്തിന്‍റെ പ്രത്യേകത കണക്കിലെടുക്ക് മത്സ്യബന്ധനത്തിന് വേണ്ടി തമിഴ്നാട്ടിൽ അടക്കം പോകുന്ന ആളുകൾ ഉള്ളതു കൊണ്ട് മത്സ്യബന്ധനം തിരുവനന്തപുരം ജില്ലയിൽ നിരോധിച്ചിരിക്കുകയാണ്. ഒരു കാരണവശാലും അതിർത്തി വിട്ട് ആരെയും പോകാൻ സമ്മതിക്കില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിത ദുരിതം കുറയ്ക്കുന്നതിന് വേണ്ടി അഞ്ച് കിലോ അരി ഇന്ന് മുതൽ നൽകും.

നാളെ തിരുവനന്തപുരം നഗരത്തിലെ എല്ലാ വീടുകളിലും നടപ്പാക്കുന്ന അണുനശീകരണം എങ്ങനെയായിരിക്കും ?

നഗരത്തിലെ മുഴുവൻ വീടുകളിലും നാളെ അണുനശീകരണ ദിനമായി ആചരിക്കുകയാണ്. വീട്ടുകാർ തന്നെ സ്വന്തമായി അണുനശീകരണം നടത്തണമെന്നാണ് മേയറെന്ന എന്ന നിലയ്‌ക്ക് ഞാൻ ആവശ്യപ്പെടുന്നത്. ഒരു ലിറ്റർ വെള്ളത്തിൽ ആറ് ടീ സ്‌പൂൺ ബ്ലീച്ചിംഗ് പൗഡർ കലക്കി ഇരുപത് മിനിറ്റ് വച്ചതിന് ശേഷം തെളി ലായിനിയിൽ തുണി ഉപയോഗിച്ച് വീട് വൃത്തിയാക്കണം. ഗൃഹോപകരണങ്ങളും വീടിനകവും വീടിനകത്തേക്ക് കയറി പോകുന്ന സ്ഥലവുമെല്ലാം വൃത്തിയാക്കണം. പൊതു ഇടങ്ങളും മറ്റ് സ്ഥലങ്ങളുമെല്ലാം നഗരസഭയുടെ അണുനശീകരണ ടീം വൃത്തിയാക്കും. പൂന്തുറയ്ക്ക് അടുത്ത് വരുന്ന വള്ളക്കടവ്, മുട്ടത്തറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സമ്പർക്ക വ്യാപനമുണ്ട്. മണക്കാട് മേഖലയും ആ രൂപത്തിൽ വന്നിട്ടുള്ള പ്രദേശമാണ്. ഇതെല്ലാം ഗൗരവമായ മേഖലകളായി കണക്കിലെടുത്താണ് നഗരസഭ ക്രമീകരണങ്ങൾ നടത്തുന്നത്. വീട്ടിനുള്ളിൽ തന്നെ ആളുകൾ കഴിവതും കഴിഞ്ഞുകൂടണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഇപ്പോൾ ഉണ്ടായിട്ടുള്ള സൂപ്പർ സ്പ്രെഡ് അടക്കം നിയന്ത്രിച്ച് മുന്നോട്ട് പോകുന്നതിന് ജനങ്ങളുടെ സഹകരണം കൂടിയേ തീരൂ.

പൂന്തറയ്ക്കപ്പുറം മറ്റ് പ്രദേശങ്ങളിലേക്ക് സൂപ്പർ സ്പ്രെഡ് വ്യാപിക്കാൻ സാദ്ധ്യതയുണ്ടോ ? നഗരത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടുമോ ?

ഇന്നത്തെ സാഹചര്യത്തിൽ പൂന്തുറ ഭാഗത്താണ് സൂപ്പർ സ്പ്രെഡ് ഉണ്ടായിരിക്കുന്നത്. ഒരാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് രോഗ വ്യാപനമുണ്ടാകുന്നതാണ് സൂപ്പർ സ്പ്രെഡ്. അത് പൂന്തുറയിൽ നടന്നിട്ടുണ്ട്. മണക്കാട് മേഖലയിൽ ചെറുതായി രോഗവ്യാപനം നടന്നിട്ടുണ്ടെങ്കിലും അത് സൂപ്പർ സ്പ്രെഡിലേക്ക് പോയിട്ടില്ല. എന്നാൽ നഗരത്തിൽ സൂപ്പർ സ്‌പ്രെഡ് മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങളാണ് നമ്മൾ ഇപ്പോൾ നടത്തുന്നത്. അതാണ് നമ്മുടെ പ്ലാനിംഗിലെ വിജയം.

മത്സ്യബന്ധനം തിരുവനന്തപുരത്ത് നിരോധിച്ചിട്ടുണ്ട്. എന്നാൽ മത്സ്യ വിൽപ്പനയ്ക്ക് എന്തെങ്കിലും നിയന്ത്രണമുണ്ടോ ?

മത്സ്യ വിൽപ്പനയ്ക്ക് പൂർണ നിയന്ത്രണമാണ്. ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ മാർക്കറ്റുകളിലും അടഞ്ഞുകിടക്കുകയാണ്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് രാവിലെ നാല് മണിക്കൂർ തുറക്കുന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ ആയ ശേഷം മത്സ്യവിൽപ്പന നടക്കുന്നില്ല.

വീടുകളിൽ മത്സ്യം ബൈക്കുകളിലും സ്ക്കൂട്ടറുകളിലുമൊക്കെ കൊണ്ടുവരുന്നത് തുടരുകയാണല്ലോ ?

മാർക്കറ്റുകളും ഷോപ്പുകളുമൊക്കെ അടഞ്ഞുകിടക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് മത്സ്യവിൽപ്പന നിരോധിച്ചതാണ്. അത് തുടരാൻ അനുവദിക്കില്ല.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലേക്ക് എത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നതിനെ തുടർന്ന് പിന്നീട് അതിൽ മാറ്റം വരുകയും കടകൾ തുറക്കുന്ന സാഹചര്യവുമുണ്ടായി. അത്തരമൊരു ആശയക്കുഴപ്പം ആദ്യം ഉണ്ടായതിന് കാരണമെന്താണ് ?

ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നതുകൊണ്ടാണ് പൂർണമായും അടഞ്ഞു കിടക്കേണ്ട കടകൾ നാല് മണിക്കൂർ തുറക്കാൻ തീരുമാനിച്ചത്. പൊലീസിന് എല്ലാ വീടുകളിലും സാധനങ്ങൾ എത്തിക്കാനുള്ള സംവിധാനമില്ലെന്ന് പിന്നീടാണ് മനസിലായത്. അവർക്ക് വേറെ ജോലിയുണ്ട്. അവരുടെ പ്രധാന ജോലിയ്ക്ക് തടസങ്ങൾ ഉണ്ടാവാതിരിക്കാനാണ് സർക്കാർ കടകൾ തുറക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്.

ഈ ദിവസങ്ങളിൽ തിരക്കുള്ള കടകൾ നഗരസഭ പരിധിയിൽ റെയ്‌ഡ് നടത്തി പൂട്ടേണ്ടി വന്നിട്ടുണ്ടോ ?

നിരവധി കടകളാണ് ഞങ്ങൾ റെയ്‌ഡ് നടത്തി പൂട്ടിയത്. ചില ഒറ്റപ്പെട്ട കടകൾ തുറന്ന് വലിയ തോതിലുള്ള കച്ചവടമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ സമയത്ത് നടത്തിയത്. ഉത്സവത്തിന് കച്ചവടം നടത്തി പണമുണ്ടാക്കാൻ ചില ആളുകൾ ഇറങ്ങാറുണ്ട്. അതുപോലെ എല്ലാ കടകളും അടഞ്ഞുകിടക്കുന്ന സമയത്ത് ആളുകളെ നല്ലതു പോലെ കിട്ടുമെന്ന് കണ്ടാണ് ചില കടകൾ തുറന്നുവച്ച് പ്രവർത്തിച്ചത്. ആ കടകളെല്ലാം നഗരസഭ ഇടപെട്ട് അടച്ചിട്ടുണ്ട്.

നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടുമോ ?

അങ്ങനെയൊരു സാഹചര്യം വേണ്ടി വന്നാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും എല്ലാമായി ആലോചിച്ച് തീരുമാനമെടുക്കും. ഇനി മൂന്ന് ദിവസം കൂടി ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ട്. അവസാന നിമിഷം വരെ നോക്കി മാത്രമെ തീരുമാനം എടുക്കൂ. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയത് രാത്രി വൈകിയാണ് എന്ന് വലിയൊരു ആക്ഷേപമുണ്ടായിരുന്നു. എന്നാൽ വീണ്ടും ലോക്ക്ഡൗൺ നീട്ടേണ്ട സാഹചര്യമുണ്ടായാൽ അത് നടപ്പാക്കിയെ പറ്റുകയുള്ളൂ. ജനങ്ങളുടെ സുരക്ഷയാണ് വലുത്.

പൂന്തുറയും അടുത്തുള്ള പ്രദേശങ്ങളും കണ്ടെയിൻമെന്‍റ് സോണാക്കി മറ്റ് പ്രദേശങ്ങൾ തുറക്കുന്ന സാഹചര്യമുണ്ടാകുമോ ?
അത് വരാൻ പോകുന്ന കാര്യമാണ്. ട്രിപ്പിൾ ലോക്ക്ഡൗണിന് ഉള്ളിൽ നിന്നുള്ള കാര്യങ്ങളാണ് ഇപ്പോൾ നഗരത്തിൽ നടക്കുന്നത്. അത് നീട്ടേണ്ടത് ഉണ്ടെങ്കിൽ നീട്ടും. ഒഴിവാക്കിയാലും കണ്ടെയിൻമെന്‍റ് സോണായി ചില പ്രദേശങ്ങൾ നിർത്തേണ്ടി വരും. അതിലെല്ലാം കൃത്യമായ തീരുമാനമുണ്ടാകും.