pic

കാൺപൂർ: ഉത്തർ പ്രദേശിൽ ഡി‌എസ്‌പി ദേവേന്ദ്ര കുമാർ മിശ്ര ഉൾപ്പെടെ ഏട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ ഗുണ്ടാതലവൻ വികാസ് ദുബെയുടെ രണ്ടു അനുയായികൾ കൂടി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പ്രഭാത് മിശ്ര, രൺബീർ ശുക്ല എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടു കൂടിയാണ് ഇരു സംഭവങ്ങളും നടന്നത്.

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രഭാത് മിശ്രയ്ക്ക് വെടിയേൽക്കുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.തുടർന്ന് രാവിലെയോടെ പ്രതിയെ കാൺപൂരിലേക്ക് കൊണ്ട് വരികയായിരുന്നു. ഇതിനിടയിലാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കിന്നതിനിടെ പൊലീസിന്റെ വെടിയേറ്റാണ് പ്രഭാത് മിശ്ര കൊല്ലപ്പെട്ടതെന്ന് ഉത്തർ പ്രദേശ് എഡിജിപി പ്രശാന്ത് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇറ്റാവയിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് രൺബീർ ശുക്ലയെ പൊലീസ് വെടിവച്ചു കൊല്ലുന്നത്.രൺബീർ ശുക്ലയും മറ്റു മൂന്ന് പേരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മഹേവയ്ക്കടുത്തുള്ള ഹൈവേയിൽ നിന്നും ഒരു കാർ മോഷ്ടിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലും വെടിവയ്പ്പിലുമാണ് രൺബീർ ശുക്ലയ്ക്ക് പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ സമീപതെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടുവെന്നും കാറിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സഹപ്രവർത്തകന്റെ ചതി വെളിപ്പെടുത്തി ഡി‌എസ്‌പി ദേവേന്ദ്ര കുമാർ മിശ്ര എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് കേസ് അന്വേഷണം കൂടുതൽ ഊർജ്ജിതമായത്.