കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്തിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയില്‍ ഇന്ന് സരിത്തിനെ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന സരിത്ത് നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്‍ററിലാണുള്ളത്.
സ്വപ്നക്ക് പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തി. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകള്‍ക്കായി വിദേശത്ത് പോയിട്ടുണ്ട്.ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സന്ദീപിന്‍റെ ഭാര്യ സൗമ്യയെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തത്.
അതേസമയം കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇ-ഫയലിംഗ് വഴിയാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. രാജേഷ് കുമാര്‍ വഴിയാണ് സ്വപ്നയുടെ ജാമ്യപേക്ഷ. ഇത് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ ഈ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനാ പട്ടികയില്‍ ഇല്ല, രാത്രി വൈകി സമര്‍പ്പിച്ചതിനാലാണ് ഉള്‍പ്പെടാത്തത്.
യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. അനുമതിക്കായി കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിരിക്കുന്നത്. ഇവര്‍ക്ക് നയതന്ത്ര പരിരരക്ഷയുളള സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടല്‍ തേടുന്നത്. എന്നാല്‍ കോണ്‍സുലേറ്റില്‍ ജീവനക്കാരന്‍ പോലുമല്ലാത്തെ സരിത്തിനെ നയതന്ത്ര ബാഗ് കൈപ്പറ്റാന്‍ ചുമതലപ്പെടുത്തിയ കോണ്‍സുലേറ്റ് അധികൃതരുടെ നടപടി പ്രോട്ടോകോള്‍ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.