covid

ജനീവ: കൊവിഡ് വായുവിലൂടെ പകരുമെന്ന റിപ്പോട്ടുകൾ പുറത്തുവന്നതിനുപിന്നാലെ ജനങ്ങൾക്കിടയിൽ ആശങ്ക പരന്നിരുന്നു. ഇതുസംബന്ധിച്ച് ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി.സി.എം.ബി). ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഇവർ പറയുന്നു.

കുറച്ചുസമയത്തേക്ക് രോഗകാരിയായ വൈറസ് വായുവിൽ തങ്ങിനിൽക്കുന്നു എന്നതിനർത്ഥം വൈറസ് വായുവിൽ മുഴുവനായും കലർന്നു എന്നല്ല. അഞ്ചു മൈക്രോണിൽ താഴെയുള്ള ഒരേ വലുപ്പത്തിലുള്ള തുള്ളികളിൽക്കൂടി വൈറസിന് സഞ്ചരിക്കാമെന്നാണ് പഠനത്തിനർത്ഥം. അത് വലിയ തുള്ളിയെക്കാൾ കൂടുതൽനേരം വായുവിൽ തങ്ങിനിൽക്കും. എന്നാൽ, കുറച്ച് മിനിറ്റുകൾമാത്രമേ ഇതിന് ആയുസുണ്ടാവൂ.-സി.സി.എം.ബി ഡയറക്ടർ രാകേഷ് മിശ്ര പറഞ്ഞു.

ആളുകളുടെ ഒത്തുചേരൽ ഒഴിവാക്കണം. എ.സി. മുറികൾ, അടച്ചിട്ട മുറികൾ എന്നീ ഇടങ്ങൾ പരമാവധി ഒഴിവാക്കണം. ആളുകൾ കൂടുന്ന ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണമെന്നും അദ്ദേഹം പറ‌ഞ്ഞു.

32 രാജ്യങ്ങളില്‍ നിന്നുള്ള 230 ഗവേഷകര്‍ കൊവിഡ് വായുവില്‍ കൂടിയും പകരുമെന്നതിനുള്ള തെളിവുകളുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചിരുന്നു. ലോകമെമ്പാടും 11 ദശലക്ഷത്തിലധികം ആളുകൾക്കാണ് കൊവിഡ് ബാധിച്ചത്.