ishaa

വാഷിംഗ്ടൺ: മുസ്ലിം യുവതിയെ കോഫീഷോപ്പുകാർ ഐസിസുകാരിയെന്ന് പറഞ്ഞ് ആക്ഷേപിച്ചതായി പരാതി. പത്തൊമ്പതുകാരി ഐഷ എന്ന യുവതിയാണ് പരാതി നൽകിയത്. അമേരിക്കയിലെ മിനസോട്ടയിൽ സെന്റ്പോളിലെ കോഫീഷോപ്പിലാണ് സംഭവം.

ഒരു സുഹൃത്തിനൊപ്പമാണ് ഐഷ ഇവിടെയെത്തിയത്. ഐഷ ഹിജാബ് ധരിച്ചിരുന്നു. ഒാർഡർ ചെയ്ത ഡ്രിംഗ്സിനായി ഇരുവരും കാത്തിരുന്നു. ഒാർഡർ നൽകിയപ്പോൾ ഐഷ തന്റെ പേര് വ്യക്തമായി പറഞ്ഞിരുന്നു. അല്പം കഴിഞ്ഞപ്പോൾ വെയിറ്റർ ഡ്രിംഗ് എത്തിച്ചു. തനിക്ക് ഡ്രിംഗ്സ് നൽകിയ കപ്പ് ഐഷ പരിശോധിച്ചപ്പോഴാണ് അതിൽ ഐസിസ് എന്നെഴുതിയിരിക്കുന്നത് കണ്ടത്. ഞെട്ടിപ്പോയ ഐഷ ഇക്കാര്യത്തെക്കുറിച്ച് വെയിറ്ററോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. പേര് താൻ വ്യക്തമായി കേട്ടില്ലെന്നും ഐസിസ് എന്നാണ് കേട്ടതെന്നുമായിരുന്നു ഇയാളുടെ മറുപടി. മാനേജരോട് പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.

യുവതി പരാതി നൽകിയതോടെ കോഫീഷോപ്പ് നടത്തിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ സംഭത്തിൽ കോഫീഷോപ്പ് ഇതുവരെ മാപ്പുപറയുകയോ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് യുവതി പറയുന്നത്.