ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ കേന്ദ്രസർക്കാർ പിടിമുറുക്കുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വിദേശകാര്യമന്ത്രാലയം, ധനകാര്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവർ കേസ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്.
എൻ.ഐ.എ, എൻഫോഴ്‌സമെന്‍റ് ഡയറക്ടറേറ്റ് എന്നിവ ഉൾപ്പെടെ കൂടുതൽ അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കാനുള്ള സാദ്ധ്യതയും ഏറുകയാണ്. എല്ലാവശങ്ങളും പഴുതടച്ച് അന്വേഷിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. സ്വർണമടങ്ങിയ ബാഗെത്തിയ വിലാസത്തിന്‍റെ ഉടമയായ തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനിൽനിന്ന് വിവരങ്ങൾ ആരായാൻ അനുമതി വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയം പരിഗണിക്കുകയാണ്.
സി.ബി.ഐ. ആസ്ഥാനത്തേക്ക് അയക്കുന്ന പ്രാഥമിക അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും കേസെടുക്കണമോയെന്ന് തീരുമാനിക്കുന്നത്. സ്വർണക്കടത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നാകും സി.ബി.ഐ. അന്വേഷിക്കുക. പ്രതികൾെക്കതിരേ കസ്റ്റംസ് നിയമമനുസരിച്ചുള്ള നിയമനടപടി മാത്രമേ നിലവിൽ കസ്റ്റംസിനെടുക്കാൻ കഴിയൂ. ക്രിമിനൽ അന്വേഷണം നടത്താൻ അധികാരമില്ല. അതിനാൽ സ്വർണക്കടത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ വലിയ ശൃംഖല കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് സി.ബി.ഐ. അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
സ്വര്‍ണം കടത്താന്‍ സ്വപ്നയും സരിത്തും ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ചത് എങ്ങനെയെന്ന് യു.എ.ഇ കോണ്‍സുലേറ്റ് അന്വേഷിക്കുകയാണ്. ജോലിയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തിരിച്ചറിയൽ കാര്‍ഡും ഓതറൈസേഷന്‍ ലെറ്ററും ലഭിച്ചത് ഏറെ ഗൗരവത്തോടെയാണ് കോണ്‍സുലേറ്റ് കാണുന്നത്. പ്രതികള്‍ വ്യാജരേഖകള്‍ ഹാജരാക്കിയതാണോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്.
യു..എ.ഇ.യിലും കേരളത്തിലും അന്വേഷണം ആവശ്യമാണ്. ഇതിനൊപ്പം രാജ്യത്തിന്‍റെ മറ്റേതെങ്കിലും ഭാഗത്തേക്ക് സ്വര്‍ണക്കടത്ത് കണ്ണികള്‍നീളുന്നുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും. ഇക്കാര്യങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് പൂര്‍ണ പിന്തുണ നൽകാൻ യു.എ.ഇ സര്‍ക്കാര്‍ ഇന്ത്യയിലെ എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം കേന്ദ്രസർക്കാരിനെ സംബന്ധിച്ച് അന്വേഷണം എളുപ്പമാക്കും.