melania

റോസ്‌നോ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പത്നി മെലാനിയ ട്രംപിന്റെ തടിപ്രതിമ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. മെലാനിയയുടെ ജന്മനാടായ സ്ളൊവേനിയയിലെ സെവ്നിക പട്ടണത്തിൽ സ്ഥാപിച്ചിരുന്നതാണ് ഈ പ്രതിമ. അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലായ് 4ന് രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്.

തകർത്ത പ്രതിമ എടുത്തുമാറ്റിയെന്ന് പ്രതിമ നിർമ്മിച്ച ശിൽപി ബ്രാഡ് ഡൗണിയോട് പൊലീസ് അറിയിച്ചു. ബെർലിനിൽ താമസിക്കുന്ന അമേരിക്കൻ വംശജനാണ് ബ്രാഡ് ഡൗണി. സംഭവത്തെ കുറിച്ച് മെലാനിയ ട്രംപിന്റെ ഓഫീസ് ഉടൻ പ്രതികരിച്ചില്ല.

മേയ് 25ന് കറുത്ത വർഗക്കാരനായ അമേരിക്കൻ പൗരൻ ജോർജ്ജ് ഫ്ളോയിഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമേരിക്കയിൽ അടിമത്വത്തെ അംഗീകരിച്ചിരുന്ന നിരവധി പ്രമുഖ ചരിത്ര പുരുഷന്മാരുടെ പ്രതിമകൾ തകർത്തിരുന്നു. ഇങ്ങനെ അമേരിക്കയുടെ ചരിത്ര സ്‌മാരകങ്ങൾ തകർക്കുന്നവരുടെ നേരെ ശക്തമായ നടപടിയെടുക്കും എന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് മദ്ധ്യ യൂറോപ്യൻ രാജ്യമായ സ്ളോവേനിയയിൽ ട്രംപിന്റെ പത്നിയുടെ പുതിയ പ്രതിമ തകർക്കപെട്ടിരിക്കുന്നത്. ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌ത ദിനം മെലാനിയ ധരിച്ചിരുന്ന വസ്ത്രത്തിന്റെ മാതൃകയിലാണ് പ്രതിമ നിർമ്മിച്ചിരുന്നത്.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇനിയും കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. മുൻപ് ജനുവരി മാസത്തിൽ സ്ളൊവേനിയൻ പട്ടണമായ മൊറാവ്‌സിൽ ട്രംപിന്റെതിന് സമാനമായൊരു തടി പ്രതിമ അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരുന്നു.