തിരുവനന്തപുരം: സ്വർണ കടത്ത് കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണകടത്ത് കേസിൽ സർക്കാർ എന്തുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാത്തത്? പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്ന സുരേഷ് വന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.സർക്കാർ അധീനതയിലുളള വാഹനങ്ങൾ സ്വപ്ന ഉപയോഗിച്ചു, കരാർ ജീവനക്കാരിയായിട്ടും സർക്കാർ മുദ്രയുളള വിസിറ്റിംഗ് കാർഡുകൾ എങ്ങനെയാണ് അച്ചടിക്കാൻ കഴിയുന്നത്. സ്വപ്ന എവിടെയെന്ന് പോലീസിന് അറിയില്ലേ? സ്വപ്നയെ നിയമിച്ചതിന് മുൻപും പിൻപും സർക്കാർ പരിപാടികളുടെ നടത്തിപ്പ് സ്വപ്ന സുരേഷിനുണ്ടായിരുന്നുവെന്നും സുരന്ദ്രൻ ആരോപിച്ചു. ബഹിരാകാശ ഗവേഷകർ ഉൾപ്പടെ പങ്കെടുത്ത പരിപാടിയിൽ നടത്തിപ്പ് ചുമതല സ്വപ്ന സുരേഷിനുണ്ടായിരുന്നു. സ്വപ്‌നയുടെ നിയമനത്തെ കുറിച്ച് ഒരറിവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചകളളമാണ്. ഈ കേസിന്റെ കുന്തമുന ചെന്നെത്തുക മുഖ്യമന്ത്രിയിലേക്കും, അദ്ദേഹത്തിന്റെ ഓഫീസിലേക്കും, മുഖ്യമന്ത്രിയുടെ ആശ്രിതരിലേക്കുമാണ്. കസ്റ്റംസ് ചോദിച്ച സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൊടുത്തിട്ടില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ധാർമ്മികത പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദ്യം ഉന്നയിച്ചു.