ചൈനയ്ക്കെതിരായ പ്രതിഷേധത്തിൽ ഇതിനോടകം തന്നെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളും നിരോധിച്ചിരുന്നു. എക്സെന്റർ, ഷെയറിറ്റ് തുടങ്ങി 59 ആപ്പുകളാണ് നിരോധിച്ചത്. ജനപ്രീതി നേടിയിരുന്ന ഈ ചൈനീസ് ഡാറ്റ ഷെയറിംഗ് ആപ്പിന് പകരമാണ് 'ബേജ്ദോ' എന്ന പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അശ്വിൻ ഷെനോയാണ് പുതിയ ആപ്പ് വികസിപ്പിച്ചെടുത്തത്. ബേജ്ദോ ആപ്പ് പ്രത്യേകമായി ഇൻസ്റ്റാൾ ചെയ്യുകയോ, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് കണക്ട് ചെയ്യുകയോ ആവശ്യമില്ല. സ്മാർട്ഫോണുകൾ തമ്മിൽ നേരിട്ട് ഫയലുകൾ കൈമാറാൻ അനുവദിക്കുന്ന വേഗതയേറിയ ഒരു വെബ് ആപ്പാണ് ബേജ്ദോ.
എക്സെന്ററിനെക്കാലും, ഷെയറിറ്റിനെക്കാലും വേഗത്തിൽ പുതിയ ആപ്പിലൂടെ ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ കഴിയും. ഫയലുകൾ ഷെയർ ചെയ്യാൻ ഉപയോഗിക്കുന്ന ഡിവൈസുകൾ ഒരേ നെറ്റ്‌വർക്കിൽ കണക്ടഡ് ആയിരിക്കണം. ശേഷം bayjdo.comലേക്ക് പോകാം. ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രസ്സിവ് വെബ് ആപ്ലിക്കേഷനും ഉപയോഗിക്കാവുന്നതാണ്. തുടര്‍ന്ന് രണ്ട് ഡിവൈസുകൾക്കും ഒരു ഐഡിയും ക്യുആര്‍ കോഡും ലഭിക്കുന്നു, ഒരാൾ മറ്റൊരാളുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കണക്ട് ചെയ്താൽ വളരെ വേഗത്തിൽ ഫയൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയും.
ഈ ആപ്പ് ആഡ്-ഫ്രീയും ഓപ്പൺ സോഴ്സുമാണ്. ഉപോഗിക്കാൻ ലോഗിൻ ഐഡിയുടെ ആവശ്യം പോലും വരുന്നില്ല. വളരെ സുരക്ഷിതവും ലളിതവുമായൊരാപ്പാണിത്. വേറൊരു ആപ്പിന്റെയും സഹായം ഇല്ലാതെ ഹോം സ്‌ക്രീനിൽ ഓഫ്‌ലൈനായി പ്രവർത്തിക്കും. ഒരു പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷനാണ് ബേജ്ദോ എന്നാണ് പറയപ്പെടുന്നത്. അതിനാൽ ബ്രൗസറിനുള്ളിൽ തന്നെ ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. എക്സെന്റെറും ഷെയർ ചാറ്റും പോയെ എന്ന ഉപയോക്തക്കളുടെ ദുഃഖത്തിന് ശാശ്വത പരിഹാരവുമായിട്ടാണ് 'ബേജ്ദോ' അവതരിപ്പിച്ചിട്ടുള്ളത്.