swapna-suresh-

തിരുവനന്തപുരം : കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനങ്ങളുമെല്ലാം തുടര്‍ഭരണമെന്ന മോഹന വാഗ്ദാനമാണ് ഇടതുമുന്നണിക്ക് നല്‍കിയിരുന്നത്. പ്രതിപക്ഷം പി ആര്‍ വര്‍ക്കെന്ന് ആക്ഷേപിച്ചെങ്കിലും ഇതൊന്നും തന്നെ ജനമനസുകളില്‍ ഏശിയിരുന്നില്ല. എന്നാല്‍ ഇതിനെയൊക്കെ തട്ടിത്തെറിപ്പിച്ചാണ് സ്വപ്‌നയെന്ന ബോംബ് സെക്രട്ടേറിയറ്റില്‍ പൊട്ടിത്തെറിച്ചത്. തലസ്ഥാനത്തെ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ കള്ളക്കടത്തിലെ കൈകള്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയിലേക്ക് നീളുന്നത് ഭരണകക്ഷിക്കും സര്‍ക്കാരിനും ഒട്ടും സുഖകരമായ സ്ഥിതിയല്ല ഉണ്ടാക്കിയിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിനും മേലെ സ്വപ്‌നയും കൂട്ടാളികളും ചര്‍ച്ചയാവുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോകുന്നത്. സര്‍ക്കാര്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിയുമ്പോള്‍ പ്രതിപക്ഷത്തും, കോണ്‍ഗ്രസും ബി ജെ പിയും തമ്മലുള്ള പോരാട്ടം കടുക്കുകയാണ്. ആരാണ് മികച്ച പ്രതിപക്ഷം എന്നത് തെളിയിക്കുവാനുള്ള മത്സരമാണിത്.

ബി ജെ പിയുടെ സുവര്‍ണാവസരം

ബി ജെ പി മുന്‍ കേരള അദ്ധ്യക്ഷനും മിസോറാം ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ളയാണ് സുവര്‍ണാവസരം എന്ന പ്രയോഗം കേരള രാഷ്ട്രീയത്തിന് സംഭവന ചെയ്തത്. എന്നാല്‍ ഫലത്തില്‍ ഇന്നത് ബി ജെ പിയെ തേടി വന്നിരിക്കുകയാണ്. സ്വര്‍ണ കള്ളക്കടത്ത് കണ്ടുപിടിച്ചതോടെ കേസിന്റെ അന്വേഷണമെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്കാണ്. സംസ്ഥാന പൊലീസിനും നികുതി വകുപ്പിനുമെല്ലാം വെറും കാഴ്ചക്കാരുടെ റോള്‍ മാത്രമേയുള്ളു. സംസ്ഥാന പൊലീസിനും വേണ്ടത്ര ശുഷ്‌കാന്തി ഇതിലില്ല എന്നതിന് തെളിവാണ് സ്വപ്‌നയടക്കം മുങ്ങിയ പ്രതികളെ ഇനിയും കണ്ടെത്താനാവാത്തത്. നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്തായതിനാല്‍ തന്നെ ശ്രദ്ധാപൂര്‍വം മാത്രമേ കേന്ദ്രത്തിന് കേസ് അന്വേഷണം നടത്താനാവു. യു.എ.ഇയുമായുള്ള നല്ല ബന്ധം, സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം എന്നിവ മുന്‍നിറുത്തി സ്വര്‍ണക്കടത്ത് കേസിന്റെ പിന്നാമ്പുറക്കഥകള്‍ തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു എന്ന സൂചന ശക്തമാണ്. പ്രധാനമന്ത്രി നേരിട്ട് ഇക്കര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നു എന്നാണ് അറിയുന്നത്.


അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണക്കടത്തായതിനാല്‍ ധനമന്ത്രാലയത്തിന്റെ പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് എന്നിവ നേരിട്ടാണ് അന്വേഷണം നടത്തുക. ബോര്‍ഡിന്റെ അന്വേഷണ വിഭാഗം മേധാവി സന്ദീപ് മോഹന്‍ ഭട്‌നഗറിനാണ് ചുമതല. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് അന്വേഷണം നടത്തുക.

മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമാണ് ബി.ജെ.പി ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. സി.പി.എമ്മിനെ ആക്രമിക്കാന്‍ ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇതു വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇന്നലത്തെ പത്രസമ്മേളനം. യഥാര്‍ത്ഥ പ്രതികളെയും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെയും പുറത്തു കൊണ്ടുവരുമെന്നും വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പ്രതികള്‍ക്ക് സര്‍ക്കാരിലെ ഉന്നതരുമായുള്ള ബന്ധം മറച്ചുവച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈകഴുകാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.


സുരേന്ദ്രന് ഗോള്‍ഡന്‍ ചാന്‍സ്

ബി.ജെപിയുടെ കേരളസിംഹമെന്ന് പ്രവര്‍ത്തകര്‍ വാഴ്ത്തുന്ന കെ സുരേന്ദ്രന് സംസ്ഥാന അദ്ധ്യക്ഷ പദം ലഭിച്ചതിന് ശേഷമുള്ള ഗോള്‍ഡന്‍ ചാന്‍സാണ് സ്വപ്‌നയും കൂട്ടരും ഒരുക്കി നല്‍കിയിരിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിന്റെ മികവില്‍ അദ്ധ്യക്ഷനായ സുരേന്ദ്രന് പിന്നീട് തിളങ്ങാന്‍ അവസരമൊന്നും ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവും പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്കപ്പുറം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പും വരാനിരിക്കേ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കുവാന്‍ ഈ അവസരം ഫലപ്രദമായി അദ്ദേഹത്തിന് ഉപയോഗിക്കാനാവും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതും, വി. മുരളീധരന്‍ കേന്ദ്ര മന്ത്രി സഭയിലുള്ളതും സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മൂര്‌ച്ഛ കൂട്ടും എന്നതില്‍ സംശയമില്ല. പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള മത്സരമായി സ്വര്‍ണ കള്ളക്കടത്ത് മാറുകയാണ്. പതിവ് രാഷ്ട്രീയ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകളെല്ലാം കൈയ്യിലുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കെ.സുരേന്ദ്രന്റെ പത്രസമ്മേളനങ്ങള്‍. അതൊന്നൊന്നായി പുറത്തുവിട്ട് ശരിക്കും പ്രതിപക്ഷം തങ്ങളാണെന്ന ബോധം ജനങ്ങള്‍ക്കിടയിലുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ബി ജെ പിക്കു കൈവന്നിരിക്കുന്നത്.