swapna-suresh-

തിരുവനന്തപുരം : കള്ളത്തരത്തിന്റെ ആള്‍രൂപമായ സ്വപ്‌നയ്ക്ക് സര്‍ക്കാര്‍ പ്രതിമാസം ശമ്പളമായി നല്‍കിയിരുന്നത് 2.3 ലക്ഷം രൂപ. കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെ എസ്‌ ഐ ടി ഐ എല്‍ പ്രതിമാസം നല്‍കുന്നതാണ് ഈ തുക. ഇതില്‍ നിന്നും കുറച്ച് തുക പിടിച്ചെടുത്ത ശേഷമാണ് കമ്പനി സ്വപ്‌നയ്ക്ക് നല്‍കിയിരുന്നത്. വന്‍കിട പദ്ധതികള്‍ക്കായി സര്‍ക്കാര്‍ പിഎംയുകള്‍ (പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്) രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇഷ്ടക്കാരെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ഇതുവഴി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു കഴിയുന്നു. ഈ പഴുതിലൂടെയാണ് സ്വപ്‌നയും സെക്രട്ടേറിയറ്റിന്റെ പടികയറിയത്.

യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായി ഒന്നരമാസത്തിനകമാണ് സ്വപ്‌നയ്ക്ക് പുതിയ ജോലി തരപ്പെട്ടത്. സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്‌പേസ് പാര്‍ക്കിലെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചാണ് സ്വപ്‌നയെ ജോലിക്കെടുത്തത്. സ്‌പേസ് കോണ്‍ക്ലേവ് നടത്തുന്നതിന് മാത്രമായി രൂപീകരിച്ചതാണ് ഈ പിഎംയു, എന്നാല്‍ കോവളത്ത് വച്ച് ഈ പരിപാടി നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്വപ്നയെ പിരിച്ചു വിട്ടിരുന്നില്ല. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ലെവലിലുള്ള ജീവനക്കാരിയായി കയറിയ സ്വപ്‌ന സെക്രട്ടേറിയറ്റിലെ പലരുടെയും സ്വപ്‌നമായി മാറിയതോടെ അധികാരം കൈയ്യാളുകയായിരുന്നു. ഐ ടി വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറികൂടിയായതിനാല്‍ അധികാര പരിധി വര്‍ദ്ധിച്ചിരുന്നു. ക്രൈംബ്രാഞ്ച് കുറ്റക്കാരിയെന്ന് കണ്ടെത്തിയ സ്വപ്നയെ തളയ്ക്കുവാന്‍ അതിനാല്‍ തന്നെ ആര്‍ക്കുമായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തി ഏഴുമാസമായപ്പോഴാണ് സ്വപ്‌നയ്ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പിടിവീഴുന്നത്. എന്നാല്‍ ഉന്നതങ്ങളിലെ പിടിപാടുകളില്‍ ഒളിവില്‍ പോയ സ്വപ്നയെ ഇനിയും പിടികൂടാനായിട്ടില്ല.

അതേസമയം സ്വപ്‌നയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും സംശയം ഉയരുന്നുണ്ട്. പത്താം ക്‌ളാസ് പാസായിട്ടില്ലെന്നാണ് സ്വപ്‌നയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ജോലിക്കായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നും സംശയമുയരുന്നുണ്ട്.