sushanth

മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ജൂൺ 14ന് സ്വവസതിയിൽ ആത്മഹത്യ ചെയ്തതിന്റെ പേരിൽ സംവിധായകനും നിർമ്മാതാവുമായ കരൺജോഹർ, നടൻ സൽമാൻ ഖാൻ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നിർമ്മാതാവ് ഏക്താ കപ്പൂർ എന്നിവർക്കെതിരെ അഡ്വക്കേ‌റ്റ് സുധീർ കുമാർ ഓജ നൽകിയ ഹർജി തള‌‌ളി. ബിഹാറിലെ കോടതിയിൽ നൽകിയ ഹർജി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേ‌റ്റ് മുകേഷ് കുമാറാണ് കോടതിയുടെ അധികാര പരിധിക്ക് പുറത്തുള‌ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടി തള‌ളിയത്.

നടന്റെ മരണശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഹർജി കോടതിയിൽ സമർ‌പ്പിച്ചത്. ഹർജിയിൽ സാക്ഷിയായി നടി കങ്കണ റണോട്ടിന്റെ പേരാണ് ഓജ ചേർത്തിരുന്നത്. ബോളിവുഡ് ലോകത്തെ സ്വജനപക്ഷപാതത്തെ വിമർശിച്ച് നടി പ്രസ്‌താവനകളിറക്കിയതാണ് കാരണം.

സിജെഎം കോടതി വിധിയെ ജില്ലാ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സുധീർ കുമാർ ഓജ പറഞ്ഞു.

നിരവധി ചലച്ചിത്ര താരങ്ങൾ സുശാന്തിന്റെ മരണത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മൂന്ന് മണിക്കൂറുകളോളം മുംബയ് പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ബൻസാലിയുടെ ചിത്രങ്ങളിൽ നായകനായി സുശാന്തിനെ തിരഞ്ഞെടുത്തെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. എന്നാൽ ഇത് നടന്റെ ഡേറ്റ് ലഭിക്കാത്തതിനാലാണെന്ന് ചോദ്യം ചെയ്യലിൽ ബൻസാലി അറിയിച്ചു.