messi-

കഴിഞ്ഞ വാരം ഫുട്ബാൾ ലോകം ഏറെ ആകാംക്ഷയോടെ കാതോർത്ത വാർത്ത ലയണൽ മെസി സ്പാനിഷ് ക്ളബ് ബാഴ്സലോണയുമായുള്ള കരാർ പുതുക്കുമോ എന്നതായിരുന്നു. 33 കാരനായ മെസിക്ക് ഒരു വർഷം കൂടി ബാഴ്സയുമായുള്ള കരാർ ഉണ്ട്. സാധാരണ ഗതിയിൽ കരാർ അവസാനിക്കുന്ന വർഷത്തിന് മുമ്പേ പുതുക്കുകയാണ് ചെയ്യാറ്. എന്നാൽ ഇക്കുറി ഇതുവരെ മെസി കരാർ പുതുക്കാൻ സമ്മതിച്ചിട്ടില്ല എന്നതാണ് ആരാധകർക്കിടയിൽ സംശയത്തിന്റെ വിത്തുകൾ പാകിയത്. അതിനൊപ്പം പരിശീലകൻ ക്വിക്വെ സെറ്റിയനെതിരെ ഇടയ്ക്കിടെ നടത്തുന്ന പരസ്യവിമർശനങ്ങളും എന്തോ പ്രശ്നമുണ്ടെന്നുള്ള സൂചനകൾ നൽകുന്നു.

പ്രൊഫഷണൽ കരിയറിൽ ഇതുവരെ മറ്റൊരു ക്ളബിലും കളിച്ചിട്ടില്ലാത്ത മെസിക്ക് കാംപ് നൗ വിട്ടുപോകാൻ കഴിയുമോ എന്ന് സന്ദേഹിക്കുന്ന ആരാധകർ ഒരു വശത്ത്. തന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ക്ളബ് മാനേജ്മെന്റ് മറുവശത്ത്. ഇതിനിടയിൽ അൽപ്പമൊന്നുമല്ല മെസിക്ക് ശ്വാസംമുട്ടുന്നത്.

ബാഴ്സലോണയുടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മെസി എന്ന അർജന്റീനക്കാരന്റെ പ്രാധാന്യം വളരെ വലുതാണ്. റൊസാരിയോവിലെ തെരുവിൽ നിന്ന് നെവെൽസ് ഒാൾഡ് ബോയ്സ് ക്ളബ് കണ്ടെടുത്ത മുത്തിനെ അക്ഷരാർത്ഥത്തിൽ തേച്ചുമിനുക്കിയെടുത്ത് വൈഡൂര്യമാക്കി മാറ്റിയെടുത്തത് ബാഴ്സലോണയാണ്. തന്റെ 13-ാം വയസിൽ ബാഴ്സയിലെത്തിയതാണ് മെസി. അസുഖക്കാരനായ പയ്യന് സ്പെയ്നിൽ മികച്ച ചികിത്സ ലഭിക്കുമെന്നതു കരുതിയാണ് അവനെ വീടുവിട്ടുപോകാൻ അച്ഛനും അമ്മയും സമ്മതിച്ചതുതന്നെ.

നട്ടുനനച്ചു വളർത്തിയ ഫലവൃഷത്തിൽ നിന്നൊരു ഫലം പറിച്ചു കഴിക്കുമ്പോഴുള്ള മാധുര്യമാണ് മെസി ഒാരോ കളി ജയിപ്പിക്കുമ്പോഴും ബാഴ്സലോണക്കാർ അനുഭവിക്കുന്നതെന്ന് പറയാറുണ്ട്. ചികിത്സയും പരിശീലനവും നൽകി സത്യത്തിൽ മെസിയെ ദത്തുപുത്രനായി എടുക്കുകയായിരുന്നു അന്നത്തെ ബാഴ്സ മാനേജ്മെന്റ്. ബാഴ്സയുടെ പരിശീലനക്കളരിയായ ലാ മാസിയയിൽ പയറ്റിത്തെളിഞ്ഞ മെസി അതിനുള്ള ദക്ഷിണയെന്നോണം തന്റെ ഇതുവരെയുള്ള കരിയർ മുഴുവൻ ബാഴ്സയ്ക്കാണ് സമർപ്പിച്ചത്. ലോക ഫുട്ബാളിൽ ഒരേയൊരു ക്ളബിനായി കരിയർ സമർപ്പിച്ച കളിക്കാർ ചുരുക്കമാണ്. മെസിയുടെ സമശീർഷനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം നാടായ പോർച്ചുഗലിൽ നിന്ന് വിട്ടശേഷം യൂറോപ്പിലെ എണ്ണം പറഞ്ഞ മൂന്ന് ക്ളബുകളിൽ കളിച്ചുകഴിഞ്ഞു.ഒാരോ ക്ളബിൽ നിന്നും റെക്കാഡ് ട്രാൻസ്ഫർ ഫീ വാങ്ങിയായിരുന്നു ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം. മെസിക്ക് ഒാരോ വർഷവും ശമ്പളത്തിൽ വർദ്ധനവ് നൽകി ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പമോ അതിന് മേലെയോ നിറുത്താൻ ബാഴ്സയും ശ്രമിച്ചിരുന്നു.

എന്നിട്ടും മെസി ബാഴ്സയിൽനിന്ന് മാറാൻ ആലോചിക്കുന്നുവെങ്കിൽ അതിന് പിന്നിൽ എന്താവാം കാരണം?. മെസിയും ബാഴ്സ മാനേജ്മെന്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുടങ്ങിയിട്ട് കാലം കുറച്ചായി. തെളിച്ചുപറഞ്ഞാൽ നികുതിവെട്ടിപ്പ് കേസിൽ കോടതി കയറേണ്ടിവന്നതുമുതൽ. ഇക്കാര്യത്തിൽ തനിക്ക് ക്ളബ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല എന്ന പരാതി മെസിക്കുണ്ടായിരുന്നു. തന്റെ ആ വിഷമം ഇതിന് മുമ്പ് കരാർ ഒപ്പിടുന്ന വേളയിൽ അൽപ്പം വച്ചുതാമസിപ്പിച്ചാണ് പ്രകടിപ്പിച്ചത്.

ക്ളബ് പ്രസിഡന്റായി ജോസഫ് മരിയ ബാത്തേമ്യൂ പ്രതാപം കാട്ടിത്തുടങ്ങിയതോടെയാണ് മെസിക്ക്പ്രശ്നങ്ങൾ കൂടി വന്നത്. ഇനിയെസ്റ്റയും ഷാവിയും പോയതോടെ പുതിയ കളിക്കാരെ കൊണ്ടുവരുന്നതിൽ മെസിയുടെ താത്പര്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെട്ടു. നെയ്മർ ക്ളബ് വിട്ടുപോകാതിരിക്കാൻ മാനേജ്മെന്റ് വേണ്ട താത്പര്യം കാട്ടിയില്ലെന്ന പരാതി മെസിയുടെ മനസിലുണ്ട്. നെയ്മർ കഴിഞ്ഞ സീസൺ മുതൽ പി.എസ്.ജിയിൽ നിന്ന് തിരികെ വരാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രതിഫലം ഇനിയും കുറയട്ടെ എന്ന നിലപാടെടുത്ത് ബാഴ്സ കാത്തിരിക്കുന്നതും മെസിക്ക് സന്തോഷം പകരുന്ന കാര്യമല്ല. കഴിഞ്ഞ സീസണിൽ അന്റോയിൻ ഗ്രീസ്മാനെ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് നെയ്മറുടെ പകരക്കാരനായി എത്തിച്ചതിലും മെസിക്ക് പൂർണസംതൃപ്തി ഉണ്ടായിരുന്നില്ല. ഗ്രീസ്മാൻ ബാഴ്സയിൽ വലിയൊരു വിജയമായി മാറാതിരുന്നതിന് കാരണവും ഇതുതന്നെയായിരുന്നു.

ഇൗ സീസണിനിടെ ഏണസ്റ്റോ വൽവെർദെയെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയപ്പോൾ പകരക്കാരനായി വന്ന ക്വിക്കെ സെറ്റിയനുമായി ഇതേവരെ സെറ്റാകാനും മെസിക്ക് കഴിഞ്ഞിട്ടില്ല.സെറ്റിയന്റെ രീതികളെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിക്കാനും മെസി മുതിർന്നിരുന്നു.അതിനിടെ ഇൗ സീസൺ ലാലിഗയിൽ മുന്നിട്ട് നിന്നശേഷം റയലിന് പിന്നിലാകേണ്ടിവന്നതും കോച്ചിനോടുള്ള കലിപ്പ് വർദ്ധിപ്പിച്ചു. ഇൗ സീസണിൽ ലാ ലിഗയിലോ ചാമ്പ്യൻസ് ലീഗിലോ കിരീടം നേടിയില്ലെങ്കിൽ സെറ്റിയന് വന്നപോലെ പോകേണ്ടിവരുമെന്ന് ഉറപ്പാണ്.

അടുത്ത സീസണിൽ പരിശീലനകനായി മുൻ താരം ചാവി ഹെർണാണ്ടസ് വന്നാലേ മെസി ബാഴ്സയിൽ തുടരൂ എന്ന് മെസിയുടെ പിതാവ് ക്ളബ് അധികൃതരോട് പറഞ്ഞതായി സൂചനകളുണ്ട്. ബാഴ്സയിൽ നിന്ന് കളി നിറുത്തിപ്പോയ ചാവി ഇപ്പോൾ ഖത്തർ ക്ളബ് അൽ സാദിന്റെ കോച്ചാണ്. ബാഴ്സയുടെ കോച്ചാവുകയാണ് ചാവിയുടെ വലിയ ആഗ്രഹമെങ്കിലും ഇപ്പോഴേ വേണമോ എന്ന സംശയവുമുണ്ട്. ബാഴ്സ നിർബന്ധിച്ചാൽ വന്നേക്കാനിടയുണ്ട്. എന്നാൽ ബാർത്തേമ്യുവിന്റെ ഭാഗത്തുനിന്ന് ആ നിർബന്ധം ഉണ്ടാകുന്നില്ല.

കളിക്കളത്തിൽ മാത്രമാണ് മെസിയുടെ അക്രമണോത്സുകത. പന്ത് കാലിൽ കിട്ടുമ്പോൾ മുതൽ അയാൾ മറ്റൊരാളായി മാറും. പിന്നീട ഗോൾ വലകുലുങ്ങുന്നതുവരെയുള്ള ഒാരോ പ്രതിസന്ധിയും വെട്ടിയൊഴിഞ്ഞും ചാടിക്കടന്നും ഒാടിക്കയറിയുമൊക്കെ അയാൾ മറികടക്കും. എന്നാൽ കളത്തിന് പുറത്ത് അയാൾ തികച്ചും മറ്റൊരാളാണ്. തനിക്ക് പഥ്യമല്ലാത്ത ഒന്നിനോടും പെട്ടെന്ന് ചേർന്ന് പോകാൻ കഴിയാത്ത തീർത്തും നാണം കുണുങ്ങി. തന്റെ കംഫർട്ടബിൾ സോണിന് ഉണ്ടാകുന്ന ചെറുചലനം പോലും അയാളെ വല്ലാതെ അലോസരപ്പെടുത്തും. അതുകൊണ്ടുതന്നെയാണ് ലോകകപ്പ് നേടിക്കൊടുത്താൻ കഴിയാത്തതിൽ വിമർശനം ഉയർന്നപ്പോൾ മെസി ഇനി അർജന്റീനയ്ക്ക് വേണ്ടി കളിക്കുന്നേയില്ലെന്ന് തീരുമാനിച്ചത്. കളത്തിന് പുറത്ത് വാശിക്കാരനായ ഒരു കുട്ടി മെസിയിൽ എപ്പോഴുമുണ്ട്. അനുനയത്തിലൂടെയേ അവനെ കൊണ്ടുപോകാനാകൂ. ആ അനുനയം ബാഴ്സയ്ക്ക് നഷ്ടമായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

അർജന്റീനയിലേക്ക് വീണ്ടും തിരിച്ചുവന്നതുപോലെ മെസി പിണക്കം മാറി ബാഴ്സയിൽത്തന്നെ തുടരുമെന്നും ബാഴ്സലോണ കളിക്കാരനായിത്തന്നെ കരിയർ അവസാനിപ്പിക്കുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള ആരാധകർ. ബാഴ്സ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അടുത്ത കൊല്ലം ബാർത്തേമ്യൂ പടിയിറങ്ങുന്നതോടെ എല്ലാം കലങ്ങിത്തെളിയുമെന്നാണ് അവർ കരുതുന്നതും.

എവിടേക്ക് പോകും മെസി?

അഥവാ മെസി ബാഴ്സലോണ വിടുകയാണെങ്കിൽ എങ്ങോട്ടേക്കായിരിക്കും പോവുക. എല്ലാം വിറ്റുപെറുക്കിക്കൊടുത്തിശാണെങ്കിലും മെസിയെ സ്വന്തമാക്കാൻ എല്ലാ ക്ളബുകളും തയ്യാറായിരിക്കും. അതിനാൽ ഇക്കാര്യത്തിൽ ചോയ്സ് മെസിയുടേത് തന്നെ.

1. ബാഴ്സ വിട്ടാൽ മെസി പോകാൻ ഏറ്റവും സാദ്ധ്യത മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ്.കാരണം അവിടെയാണ് മെസിയുടെ പ്രിയപ്പെട്ട പരിശീലകൻ പെപ് ഗ്വാർഡിയോളയുള്ളത്. പെപ് ബാഴ്സ വിട്ടപ്പോൾ മെസിയും കൂടെ സിറ്റിയിലേക്ക് പോകുമെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാൽ മെസി ബാഴ്സയെന്ന തന്റെ തറവാട് ഉപേക്ഷിച്ചില്ല. മെസിക്ക് എപ്പോഴും വരാവുന്ന ഇടമായി സിറ്റിയുടെ വാതിൽ തുറന്നിടാൻ പെപ് ഇപ്പോഴും തയ്യാർ. മെസിക്കായി മുടക്കാൻ കാശുള്ള ക്ളബുമാണ് സിറ്റി. ചെൽസി,ലിവർപൂൾ തുടങ്ങിയവരും മെസിക്കായി ഇറങ്ങിക്കൂടെന്നില്ല.

2. ഇതുവരെ സ്പാനിഷ് ലീഗിൽ മാത്രമേ മെസി കളിച്ചിട്ടുള്ളൂ. മറ്റൊരു ലീഗിലേക്ക് പോകാൻ താത്പര്യം കാട്ടുന്നില്ലെങ്കിൽ വലിയ ക്ളബുകളായ റയലിനും അത്‌ലറ്റിക്കോയ്ക്കും വലവീശാം. എന്നാൽ ഇത്രയും നാൾ മനസിൽ ശത്രുവായി കൊണ്ടുനടന്ന റയലിനായി ബൂട്ടുകെട്ടാൻ മെസി തയ്യാറായേക്കില്ല. ബാഴ്സയ്ക്കെതിരെ എൽ ക്ളാസിക്കോയിൽ കളിക്കുന്നതും മെസി ആഗ്രഹിക്കുന്നുണ്ടാവില്ല. മറ്റേതെങ്കിലും സ്പാനിഷ് ക്ളബുകൾക്കാവും സാദ്ധ്യത.

3. മുമ്പ് കാർലോസ് ടെവസ് ചെയ്തപോലെ കരിയറിന്റെ അവസാന ഘട്ടത്തിൽ ജന്മനാടായ അർജന്റീനയിലെ പഴയ ക്ളബിലേക്ക് മടങ്ങാം. ടെവസിനായി ബൊക്ക ജൂനിയേഴ്സ് കാത്തിരുന്നെങ്കിൽ മെസിക്കായി നെവില്ലെ ഒാൾഡ്ബോയ്സുണ്ട്.

4. ബെക്കാമും ലംപാർഡുമൊക്കെ ചെയ്തപോലെ അമേരിക്കൻ മേജർ സോക്കർ ലീഗിലേക്കോ ഇനിയെസ്റ്റയുടെ വഴി പിന്തുടർന്ന് ചൈനീസ് ലീഗിലേക്കോ പോകാം. പണം വാരാനുള്ള എളുപ്പവഴിയാണിത്. കരിയറിന്റെ അവസാനഘട്ടത്തിലേ മിക്കവരും ഇൗ വഴി തിരഞ്ഞെടുക്കാറുള്ളൂ.

5. ഇനിയാണ് ഏറ്റവും കാൽപ്പനികമായ സ്വപ്നം. ഇക്കാലത്തിന്റെ ഇതിഹാസങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് കളിക്കുക. യുവന്റസിലേക്ക് മെസി എത്തുകയാണെങ്കിൽ ക്ളബിന്റെ മാർക്കറ്റ് വാല്യു ഇരട്ടിയാകുമെന്നത് മാത്രമല്ല ലോകത്തെ രണ്ട് അത്ഭുതപ്രതിഭകളെ ഒന്നിപ്പിക്കാനുമാകും.

പെലെയെയും മറഡോണയെയും ഒന്നിച്ച് കളിപ്പിക്കാൻ കാല വ്യത്യാസം അനുവദിച്ചില്ല. എന്നാൽ ഇരുവരും മനസുവെച്ചാൽ മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒരേ ടീമിനായി കളത്തിലിറങ്ങാൻ കഴിയും. ഫുട്ബാൾ ആരാധകരുടെ ഭ്രാന്തമായ സ്വപ്നങ്ങളിൽ വിരിയുന്ന ആ ദൃശ്യം സഫലമാകുമോ എന്ന് കാത്തിരുന്ന് കാണാം.

ബാഴ്സയിലെ മെസി

നെവില്ലെ ഒാൾഡ് ബോയ്സിൽ കളിച്ചുകൊണ്ടിരിക്കെ പത്താം വയസിൽ മെസിയിൽ വളർച്ചാ ഹോർമോണിന്റെ കുറവ് കണ്ടെത്തി. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ അർജന്റീനയിലെ വമ്പൻ ക്ളബ് റിവർപ്ളേറ്റിന്റെ വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. അങ്ങനെയാണ് സ്പെയ്നിലെ കാറ്റലോണിയയിലുള്ള ബന്ധുക്കൾ വഴി ബാഴ്സലോണ ക്ളബിൽ സെലക്ഷൻ ട്രയൽസിന് അപേക്ഷിക്കുന്നത്. ആ 13 കാരന്റെ അപൂർവ്വ പ്രതിഭ കണ്ടറിഞ്ഞ ബാഴ്സലോണ ചികിത്സാച്ചെലവടക്കം ഏറ്റെടുത്തു. മറ്റൊരു പേപ്പർ കയ്യിലില്ലായിരുന്നതിനാൽ ടിഷ്യുപേപ്പറിലാണ് അന്നത്തെ കോച്ച് ആദ്യ കരാർ എഴുതി നൽകിയത്.

2000

ത്തിലാണ് മെസി ബാഴ്സയിലെത്തുന്നത്. ലാ മാസിയയിൽ പരിശീലനം.അക്കാലത്ത് ഒപ്പമുണ്ടായിരുന്നവരിൽ പ്രമുഖരാണ് സെസ്ക് ഫാബ്രിഗസും ജെറാഡ് പിക്വെയും.

2003

നവംബർ 16ന് ഹൊസെ മൗറീന്യോ പരിശീലിപ്പിച്ചിരുന്ന എഫ്.സി പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിന്റെ 75-ാം മിനിട്ടിൽ പകരക്കാരനായി ബാഴ്സലോണ സീനിയർ ടീമിൽ മെസിയുടെ അരങ്ങേറ്റം. 16 വർഷവും നാലുമാസവും 23 ദിവസവുമായിരുന്നു അപ്പോൾ പ്രായം.

2004/ 2005 സീസണിൽ 17-ാം വയസിൽ ക്ളബിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഒൗദ്യോഗിക ലീഗ് മത്സരത്തിൽ ബാഴ്സക്കുപ്പായത്തിലെ അരങ്ങേറ്റം.

2005

ൽ അൽബസീറ്റിക്കെതിരെ കരിയറിലെ ആദ്യ ഗോൾ. പാസ് നൽകിയത് റൊണാൾഡീഞ്ഞോ. തുടർന്ന് ഇന്നത്തെ നിലയിലേക്കുള്ള വളർച്ച.

കിരീടനേട്ടങ്ങൾ

രാജ്യത്തിന് വേണ്ടി ലോകകപ്പോ കോപ്പ അമേരിക്കയോ നേടിക്കൊടുക്കാൻ കഴിയാത്ത മെസിയെ കിരീടങ്ങൾ കൊണ്ട് അമ്മാനമാടാൻ തുണച്ചത് ബാഴ്സയാണ്.

10 ലാ ലിഗ കിരീടങ്ങൾ.

8 സൂപ്പർ കോപ്പകൾ

6 കിംഗ്സ് കപ്പുകൾ

4 ചാമ്പ്യൻസ് ലീഗുകൾ

3 യുവേഫ സൂപ്പർ കപ്പുകൾ

3 ക്ളബ് ലോകകപ്പുകൾ

എന്നിവ ബാഴ്സയ്ക്കൊപ്പം സ്വന്തമാക്കി.

2009,10,11,12,2015,2019

വർഷങ്ങളിൽ ഫിഫ ബാൾ ഒാൺ ഡി ഒാർ പുരസ്കാരം സ്വന്തമാക്കി.

482 മത്സരങ്ങളിൽ നിന്ന് 441 ഗോളുകളാണ് മെസി ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ നേടിയിരിക്കുന്നത്.