swapna-suresh-

സ്വര്‍ണക്കടത്ത് നായികയായി സെക്രട്ടേറിയേറ്റിനെ വിവാദങ്ങളിലേക്ക് വലിച്ചിട്ട സ്വപ്‌ന സുരേഷ് ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. തമിഴ്‌നാട്ടിലേക്ക് ഇവര്‍ കടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും ഇവര്‍ തലസ്ഥാനം വിട്ടിട്ടില്ലെന്ന സൂചന ശക്തമാണ്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങുവാനാണത്രെ ഇവരുടെ പ്‌ളാന്‍. അതിശക്തമായ പിന്തുണ ഇവര്‍ക്ക് വിവിധ കോണുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയ തലസ്ഥാനത്തു നിന്നും എളുപ്പത്തില്‍ പൊലീസിന്റെ കണ്ണുവെട്ടിക്കാനാവുമോ എന്നതും ചോദ്യമാണ്. അതേ സമയം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്‌ന അടുപ്പം സൂക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പൊലീസിലെ ഉന്നതനുമായി സ്വപ്ന സ്വിമ്മിംഗ് പൂളില്‍ നീരാട്ട് നടത്തിയത് ഒമ്പത് മാസം മുന്‍പാണ്. തലസ്ഥാനത്തെ റിസോര്‍ട്ടായിരുന്നു വേദി. സ്വപ്‌നയുടെ ഉറ്റബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ അടിച്ചുപൂസായ ഏമാന്‍ ഇവരുമായി വെള്ളത്തിലേക്ക് മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഈ ദൃശ്യം മൊബൈലില്‍ ഭംഗിയായി ചിത്രീകരിച്ചു. ദൃശ്യം കൈയിലുള്ളതിനാല്‍ ഈ ഉദ്യോഗസ്ഥന് പൊലീസില്‍ പൊന്നുംവിലയാണ്.

ഈ സത്കാര ചടങ്ങില്‍ ഒരു ക്രൂരകൃത്യവുമുണ്ടായി. നവവരനും ബന്ധുക്കളും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം മദ്യപിച്ച് കൂത്താടുന്നത് കണ്ട് കല്യാണപ്പെണ്ണ് ഞെട്ടി. ജ്യൂസില്‍ മദ്യമൊഴിച്ച് ഈ പെണ്‍കുട്ടിയെ കുടിപ്പിച്ചു. കൈകള്‍ പിന്നില്‍ കെട്ടി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. പൊലീസില്‍ പരാതിയെത്തിയതോടെ പാര്‍ട്ടി നേതൃത്വം ഒരു ഭാഗത്തും ഐ.എ.എസ്, ഐ.പി.എസ് ഉന്നതന്മാര്‍ മറുഭാഗത്തുമായി നിലകൊണ്ടു. ഒടുവില്‍ പൊലീസ് ഉന്നതന്‍ ഇടപെട്ട് സ്വര്‍ണവും പണവും തിരികെവാങ്ങി നല്‍കി, നഷ്ടപരിഹാരവും നല്‍കി കേസ് അവസാനിപ്പിച്ചു. വിവാഹത്തിന്റെ നാലാംദിനം നടന്ന സത്കാരത്തിന്റെ രാത്രി പിതാവിനൊപ്പം പോയ പെണ്‍കുട്ടി പിന്നീട് വിവാഹമോചനം നേടി.