കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് കൊവിഡിന്റെ പേരിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിസന്ധി തരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി. ഇത് സംബന്ധിച്ച് പ്രസിഡന്റ് ബിന്ധ്യാദേവി ഭണ്ഡാരിയുമായി ഒലി ചർച്ചനടത്തി. എന്നാൽ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനോട് പ്രസിഡന്റിനും നേപ്പാളീസ് ആർമിക്കും യോജിപ്പില്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
നേപ്പാൾ വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ പ്രധാനമന്ത്രിയുടെ പാർട്ടി പ്രവർത്തകർ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് ഇടതുപക്ഷ പാർട്ടികളായി വിഭജിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയും ഒലിയും ഇന്ന് വീണ്ടും കൂടികാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂറോളം ചർച്ച നടത്തിയിട്ടും പ്രശ്ന പരിഹാരമുണ്ടായില്ല.നാളത്തെ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കാനാണ് സാദ്ധ്യത. കമ്മിറ്റിയിലെ കൂടുതൽ അംഗങ്ങൾക്കും പ്രധാനമന്ത്രിയുടെ നിലപാടിനോട് എതിർപ്പാണ്. എന്നിരുന്നാലും സെൻട്രൽ കമ്മിറ്റിയിൽ പ്രമേയം വരുമ്പോൾ പാർട്ടി കോ ചെയർമാൻ കൂടിയായ ഒലിയുടെ ഒപ്പ് കൂടി അനിവാര്യമാണ്.
ഒലിയ്ക്ക് വേണ്ടി ചെെനീസ് അംബാസിഡർ നിരന്തരമായി എൻസിപി നേതാക്കൾക്കിടയിൽ സമ്മർദം ചെലുത്തിവരികയാണ്. എന്നാൽ പ്രധാന മന്ത്രി ഒലിയില്ലെങ്കിലും എൻസിപി വളരെ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് മുതിർന്ന എൻ സി പി നേതാവ് ചെെനീസ് അംബാസിഡറോട് വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനുളള ശ്രമത്തിലാണ് ഒലി.