ആലപ്പുഴ: കഴിഞ്ഞദിവസം ആലപ്പുഴജില്ലയിലെ ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളിൽ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാർ തുളസി ഭവനിൽ ദേവിക ദാസിനാണ് (20) രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവരുടെ ഭർത്താവ് ജിതിന് രോഗമില്ല. ദേവികയുടെ രോഗ ഉറവിടം വ്യക്തമല്ല. മൃതദേഹ പരിശോധന ഉൾപ്പെടെ നടത്തിയ പത്തോളം പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നാലുമാസം മുമ്പാണ് ഇവർ ചെന്നിത്തലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. ജോലിക്കെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളും ജീവിത നൈരാശ്യവുമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
രണ്ടുവർഷം മുമ്പ് ജിതിനോടൊപ്പം ദേവിക ഒളിച്ചോടുകയായിരുന്നു. ഈ കേസിൽ കുറത്തിക്കാട് പൊലീസ് ജിതിനെതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്. തുടർന്ന് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തിൽ താമസിക്കുകയായിരുന്നു.പ്രായപൂർത്തിയായ ശേഷം വീണ്ടും ജിതിനൊപ്പം താമസിക്കാനെത്തുകയായിരുന്നു.