ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊവിഡിനെ അമര്‍ച്ച ചെയ്യുവാനുള്ള വാക്‌സിനായി ഗവേഷണങ്ങള്‍ ത്വരിത ഗതിയില്‍ നടക്കവേ പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ കൊവിഡ് വ്യാപനം എങ്ങനെയാവും എന്നതിനെകുറിച്ചാണ് ഈ പഠനം. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ഗവേഷകരാണ് പഠനം നടത്തിയത്. എണ്‍പത്തിനാല് രാജ്യങ്ങളുടെ നിലവിലെ കൊവിഡ് വ്യാപനത്തിന്റെ തോത് മനസിലാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷവും വാക്‌സിന്‍ കണ്ടുപിടിക്കാത്ത പക്ഷം കൊവിഡ് കവര്‍ന്നെടുത്തേക്കാമെന്ന മുന്നറിയിപ്പ് പഠനം നല്‍കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയില്‍ ദിവസം 2.87 ലക്ഷം കൊവിഡ് കോസുകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം അമേരിക്കയില്‍ പ്രതിദിനം 95000 കേസുകളും ദക്ഷിണാഫ്രിക്കയില്‍ 21000 കേസുകളും ഉണ്ടാവാമെന്ന് പറയുന്നു. ലോകമെമ്പാടുമുള്ള കൊവിഡ് കേസുകളുടെ എണ്ണം 2021 മേയ് മാസത്തോടെ 25 കോടിയിലേക്കെത്തും. ഓരോ രാജ്യത്തെയും ജനസംഖ്യയും ജനസാന്ദ്രതയും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സാധാരണയായി എപ്പിഡെമിയോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന എസ് ഇ ഐ ആര്‍ മാത്യകയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് സാദ്ധ്യതകളിലൂടെയാണ് പഠനം നടത്തിയത്, 2020 ജൂലായ് ഒന്നുമുതല്‍ ഓരോ രാജ്യവും നടത്തുന്ന ടെസ്റ്റില്‍ പ്രതിദിനം 0.1 ശതമാനം വര്‍ദ്ധിപ്പിച്ചും, നിലവിലെ പരിശോധന നിരക്കും കേസുകളുടെ എണ്ണം പരിഗണിച്ചും, രോഗബാധിതനായ ഒരാള്‍ എട്ടുപേരിലേക്ക് രോഗം പടര്‍ത്തുമെന്നും കണക്കാക്കിയാണ് പഠനം നടത്തിയത്.
എന്നാല്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള ഗവേഷണ ഫലങ്ങള്‍ ശുഭകരമാണ്. ഇന്ത്യയില്‍ രണ്ട് മരുന്നു കമ്പനികളുടെ ഗവേഷണ ഫലം ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. 2020 ഒക്ടോബര്‍ നവംബര്‍ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്ര നീക്കം രോഗ വ്യാപനത്തെ താമസിപ്പിക്കുവാന്‍ സഹായിച്ചിരുന്നു. അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചതോടെ രോഗ വ്യാപനതോതും വര്‍ദ്ധിച്ചിരിക്കുകയാണ്. കൊവിഡിനൊപ്പം ജീവിക്കുക എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ലോകരാജ്യങ്ങള്‍ പൊരുത്തപ്പെടുന്ന അവസ്ഥയാണിപ്പോഴുള്ളത്. സമൂഹവ്യാപനവും മാസ്‌ക്ധാരണവുമടക്കമുള്ള ശീലങ്ങളിലൂടെ രോഗം വരാതെ ചെറുക്കാനാവും.