covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.21 കോടി കവിഞ്ഞു. 5,51,000 ലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു. 70.17 ലക്ഷം പേർക്കാണ് ഇതുവരെ രോഗമുക്തി നേടാൻ സാധിച്ചത്. അമേരിക്കയിലെ കൊവിഡ് കേസുകളുടെ എണ്ണം 31.59 ലക്ഷം കവിഞ്ഞു. മരണം 1.35ലക്ഷമായി. ടെക്സാസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുന്നത്. അതേസമയം, യു.എസിൽ കഴിഞ്ഞദിവസം 59,000 പുതിയ പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. യു.എസിന്റെ ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. ജൂൺ 20ന് ഓക്‌ലഹോമയിലെ ടുൾസയിൽ സംഘടിപ്പിച്ച ഡോണാൾഡ് ട്രംപിന്റെ റാലി മേഖലയിൽ വലിയ തോതിൽ കൊവിഡ് വ്യാപനത്തിവ് കാരണമായതായി ആരോഗ്യവിദഗ്ദ്ധർ പറയുന്നു. റാലി മാറ്റിവയ്ക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപും ട്രംപിന്റെ കാംപെയിൻ ടീമും ഇത് കേട്ടില്ല. നഗരത്തിലെ ബിഒകെ സെന്ററിൽ മാസ്‌കില്ലാതെ 6200 പേരാണ് തടിച്ചുകൂടിയത്. രോഗവ്യാപനത്തിൽ രണ്ടാംസ്ഥാനത്തുള്ള ബ്രസീലിൽ 41,000ലധികം പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രസീലിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 17.16 ലക്ഷം കടന്നു.

വായുവിലൂടെ പകരും

കൊവിഡ് വായുവിലൂടെ പകരുമെന്ന ശാസ്ത്രജ്‌ഞരുടെ കണ്ടെത്തൽ ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ കത്താണ് ഇതിന് ആധാരം. ഇതിനനുസരിച്ച് ലോകാരോഗ്യസംഘടനയുടെ കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങളിൽ തിരുത്തൽ വന്നേക്കും.

 മെൽബണിൽ വീണ്ടും ലോക്ക്

കൊവിഡ് വീണ്ടും പിടിമുറുക്കി തുടങ്ങിയതോടെ ആസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബണിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ കാരണങ്ങൾക്കൊഴികെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ചു. മെൽബണിൽ അമ്പതു ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. സ്വാഗതംചെയ്ത് ചൈന കൊവിഡിന്റെ ഉറവിടം എവിടുന്ന് എന്ന് കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘത്തിന് രാജ്യത്ത് പ്രവേശിക്കാമെന്ന് ചൈന. വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട മദ്ധ്യ ചൈനയിലെ വുഹാൻ നഗരത്തിലടക്കം പരിശോധനയ്ക്കും പരീക്ഷണത്തിനുമാണ് ചൈന അനുമതി നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിൻമാറി മണിക്കൂറുകൾക്കുള്ളിലാണ് ചൈനീസ് തീരുമാനം.