ഭാഗ്യത്തിന് ഫോട്ടോഗ്രാഫിയിൽ നല്ലൊരു പങ്കുണ്ടെന്ന് പലപ്പോഴും സൂചിപ്പിച്ചിരുന്നതാണ്. അങ്ങനെ ഭാഗ്യം കനിഞ്ഞുനൽകിയ ഒരു ഫോട്ടോയുടെ കാര്യമാണ് ഇവിടെ പറയുന്നത്. വലിയ പക്ഷിസങ്കേതമെന്ന ഖ്യാതിയില്ലെങ്കിലും മറ്റുപലതുകൊണ്ടും പ്രസിദ്ധമായ ഒന്നാണ് കൂനൂരിലെ സിംസ് പാർക്ക്. വന്മരങ്ങളാലും പലതരം സസ്യലതാദികളാലും നിറഞ്ഞിരിക്കുന്ന ഇവിടം ഒരു കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന സ്ഥലമായതിനാൽ ധാരാളം പക്ഷികൾ അധിവസിക്കുന്നുമുണ്ട്. സലിം അലിയെപ്പോലുള്ളവരുടെ കണ്ണിൽ പെടാതെ പോയതുകൊണ്ടാകാം ഇത് പക്ഷി സങ്കേതമായി അറിയപ്പെടാതെപോയത്. കേട്ടും അറിഞ്ഞും നിരവധിപേർ ഇപ്പോൾ പക്ഷികളെ തേടി ഇവിടെ വരാൻ തുടങ്ങിയിട്ടുണ്ട്. കിട്ടുന്ന സന്ദർഭങ്ങളിൽ ഞാൻ ഇപ്പോഴും അവിടെ പോകാറുണ്ട്.
ഒരിക്കൽ അവിടെ എത്തിയപ്പോൾ പരുന്ത് വർഗത്തിൽപ്പെട്ട ഒരു പക്ഷിയെ അവിടെ കണ്ടു. അതാകട്ടെ വലിയ ഉയരമുള്ള മരങ്ങളിൽ മാറിമാറി ഇരിക്കുകയാണ്. ഉൾവനം പോലെ തോന്നിക്കുന്ന ഇരുണ്ട ചോലയുടെ വശങ്ങളിലൂടെ അതിനെ പിന്തുടരുമ്പോൾ ഇന്നോ നാളെയോ താഴെ വീഴുമെന്ന രീതിയിൽ ഒരു വലിയ മരത്തിന്റെ ശിഖരം ഉണങ്ങി പൊടിപിടിച്ചു നിൽക്കുന്നു. ഏതാണ്ട് ദ്രവിച്ചതുപോലെ തോന്നിക്കുന്ന ഈ മരത്തിൽ ഇത്തിളും പായൽ പോലുള്ള ചെറിയ ചെടികളും കിളിർത്തിരിക്കുന്നു. അതിന്റെ താഴെ ഭാഗത്തെ ഒരുകഷണം അടർന്നുതൂങ്ങിയനിലയിലാണ്. പിന്തുടർന്ന പക്ഷിയേക്കാൾ രസകരമായ കാഴ്ചയായിരുന്നു അത്.
'ജുറാസിക് പാർക്ക്" സിനിമയിൽ കണ്ടതുപോലെ ദിനോസറിന്റെ തല പോലെയോ വായ തുറന്നിരിക്കുന്ന ഡ്രാഗനെപ്പോലെയോ ആണതെന്ന് അപ്പോൾ എനിക്ക് തോന്നി. ഉടനെ ക്ലിക്ക് ചെയ്തു. തെളിച്ചമുള്ള ആകാശം ബാക്ക് ഗ്രൗണ്ടിൽ വന്നതിനാൽ സിൽ ഔട്ട് പോലെയാണ് അത് കിട്ടിയത്. അതും ഒരുവിധത്തിൽ ഭാഗ്യമായി. അതിലെ ചെടികളും മറ്റു ഡീറ്റെയിൽസും കിട്ടാതിരുന്നതിനാൽ ആ തലയുടെ ആകൃതി ശരിയായി കിട്ടി. മൊത്തത്തിലുള്ള രൂപവും മൂക്കും അതിനടുത്തായി ഡ്രാഗന്റെ ചെറിയ കൊമ്പ് പോലെയോ ദംഷ്ട്ര പോലെയോ രണ്ടെണ്ണം കാണുന്നത് വളരെ അതിശയം ജനിപ്പിക്കുന്നതാണ്. അത് കൃത്രിമമാണോ എന്നുപോലും പലരും സംശയിച്ചേക്കാം! എന്നാൽ ഇത് നാഷണൽ ജ്യോഗ്രാഫി ചാനൽ ഉൾപ്പെടയുള്ള വിദേശമാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. (എടുക്കുന്ന ചിത്രത്തിന്റെ ഫ്രെയിമിൽ നിന്നും ഏതെങ്കിലും ഭാഗം എടുത്തുമാറ്റുകയോ അഡീഷണലായി കൂട്ടിച്ചേർക്കാനോ പാടില്ല എന്നതാണ് അവരുടെ നിയമം. നിങ്ങളുടെ കഴിവ് അഥവാ പ്രാഗത്ഭ്യമാണ് ഞങ്ങൾക്കാവശ്യം എന്നാണ് അവർ പറയുന്നത്.) അതായത് ഞാൻ ഇതിൽ കൃത്രിമമായി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ അവർ അന്ന് അത് പബ്ലിഷ് ചെയ്യില്ലായിരുന്നു.