modi

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിൽ മാത്രമല്ല സമ്പദ്ഘടനയിലും ശ്രദ്ധാലുക്കളാണ് സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചത് രോഗത്തെ തുടർന്ന് തകർച്ചയിലായ സാമ്പത്തിക രംഗത്തെ തിരികെ കയറ്റുന്നതിനുകൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെയാകെ ബാധിച്ച കൊവിഡിനോട് ഒരു ഭാഗത്ത് ശക്തമായി പൊരുതി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുമ്പോൾ മറുകൈ കൊണ്ട് സമ്പദ്ഘടനയുടെ തിരിച്ച് വരവിനായി ശ്രമിക്കുകയാണ് സർക്കാർ. ഇംഗ്ലണ്ടിൽ സംഘടിപ്പിക്കുന്ന മുപ്പത് രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തോളം പേർ ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഗ്ളോബൽ ഇന്ത്യാ വീക്കിലെ വെർച്വൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

സാമ്പത്തികരംഗത്തിനും ജനങ്ങൾക്കുമായി ചെയ്യുന്ന നല്ല കാര്യങ്ങളുടെ ഫലങ്ങൾ സമൂഹത്തിൽ നമുക്ക് കാണാം. അസംഭവ്യമെന്ന് കരുതുന്നത് നേടിയെടുക്കാനുള‌ള ചുറുചുറുക്ക് ഇന്ത്യക്കാർക്കുണ്ട്. അതിനാൽ രാജ്യത്തെ സാമ്പത്തികരംഗം തിരിച്ചുവരുന്നതിൽ അത്ഭുതപ്പെടാനില്ല. രാജ്യം വിവിധ സാമ്പത്തിക മേഖലകളിൽ കഴിഞ്ഞ ആറ് വർഷം കൊണ്ട് അഭൂതപൂർവ്വമായ വളർച്ച നേടിയിട്ടുണ്ട്. ജി.എസ്.ടി, ആയുഷ്‌മാൻ ഭാരത് മുതലായവ അത്തരത്തിൽ പ്രധാനപ്പെട്ടവയാണ്.

കാർഷിക മേഖലയിൽ സംഭരണ വിതരണ രംഗത്തും കമ്പനികളെ സ്വാഗതം ചെയ്യുക വഴി അവർക്ക് നേരിട്ട് കൃഷിക്കാരുമായി വ്യാപാര ബന്ധത്തിലേർപ്പെടാനായി. കമ്പനികൾക്കായി ഇന്ത്യയുടെ വിപണി തുറന്നിട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കോൺഫറൻസിലൂടെ അറിയിച്ചു.