60ഓളം മരണം, നിരവധിപ്പേരെ കാണാതായി
കര കവിഞ്ഞൊഴുകുന്നത് 59 നദികൾ
എട്ടരലക്ഷം പേരെ ഒഴിപ്പിച്ചു
ടോക്കിയോ: കൊവിഡ് മഹാമാരിയിൽ നിന്ന് മുക്തമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തുടങ്ങിയ ജപ്പാനെ തകർത്ത് മറ്റൊരു ദുരന്തം. ഒരാഴ്ചയായി നീളുന്ന കനത്ത പേമാരിയിലും പ്രളയത്തിലും തകർന്നടിഞ്ഞിരിക്കയാണ് രാജ്യം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 60ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്‍ചയാണ് ജപ്പാനിലെ വിവിധ ദ്വീപുകളിൽ മഴ ശക്തമായത്. സെൻട്രൽ ജപ്പാനിലും തെക്ക് പടിഞ്ഞാറൻ മേഖലകളിലും പേമാരി കനത്ത നാശം വിതച്ചു. തെക്ക് പടിഞ്ഞാറന്‍ ജപ്പാനിലെ കൈഷുവിൽ മാത്രം 47000ലേറെ കെട്ടിടങ്ങൾ വെള്ളപ്പൊക്കത്തിൽ തകർന്നു. സെൻട്രൽ ജപ്പാനിലെ നഗാനോ, ഗിഫു തുടങ്ങിയ മേഖലകളിലും വലിയ തോതിൽ നാശമുണ്ടായതായി ജാപ്പനീസ് വാർത്താ ഏജൻസിയായ ക്യോഡോ റിപ്പോർട്ട് ചെയ്‍തു. മേഖലകളിലെ സ്‍കൂളുകളും യൂണിവേഴ്‍സിറ്റികളും കോളേജുകളും അടച്ചു. ഇനിയും മഴ തുടർന്നാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ഇതിനികം എട്ടരലക്ഷത്തിലേറെപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെന്റ് അറിയിച്ചു.
നിരവധി റോഡുകളും വെള്ളത്തിലായി. ഒട്ടേറെ പ്രദേശങ്ങൾ ഒറ്റപ്പെട്ടനിലയിലാണ്. മെയ്‍സ് ജില്ലയിൽ 400-ലേറെ കുടുംബങ്ങൾ പുറത്തേക്ക് പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഹിദ നദി കരകവിഞ്ഞൊഴുകി ദേശീയ പാതയുടെ വലിയ ഭാഗം തകർന്നു. നഗാനോയിലെ മത്സുമോട്ടോയിലെ ടണലിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് സമീപത്തെ ഹോട്ടലുകളിൽ ജീവനക്കാരും അതിഥികളും കുടങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
സെൻട്രൽ ജപ്പാനിലും തെക്ക് പടിഞ്ഞാറൻ ദ്വീപുകളിലും ആയിരക്കണക്കിന് വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ വെള്ളത്തിലായി. ഈ മേഖലകളിൽ 59 നദികളാണ് കരകവിഞ്ഞൊഴുകുന്നത്. 123 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ലക്ഷക്കണക്കിനാളുകളെ പ്രളയ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. കൈഷുവിൽ മാത്രം 57 പേർ മരിച്ചു. നിരവധിയാളുകളെ കാണാതായി.
ചൈനയ്ക്ക് പുറത്ത് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. എന്നാൽ വലിയ ദുരന്തത്തിലേക്ക് പോകാതെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാൻ ജപ്പാന് സാധിച്ചു. എന്നാൽ കൊവിഡിന് പിന്നാലെയെത്തിയ പ്രകൃതിയുടെ താണ്ഡവത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജാപ്പനീസ് ജനത