മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ന്യൂകാസിലിനെ തോൽപ്പിച്ചു
ലിവർപൂൾ 3-1ന് ബ്രൈറ്റൺ ആൻഡ് ഹോവിനെ കീഴടക്കി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ മുമ്പന്മാരായ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും വമ്പൻ വിജയങ്ങൾ. ആദ്യം സിറ്റി മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കിയപ്പോൾ പിന്നാലെ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രൈറ്റൺ ആൻഡ് ഹോവിനെ തോൽപ്പിക്കുകയായിരുന്നു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി അഞ്ചുഗോളുകൾ അടിച്ചുകൂട്ടിയത്.10-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് തുടങ്ങിവച്ച ഗോളടി അവസാന മിനിട്ടിൽ റഹിം സ്റ്റെർലിംഗാണ് പൂർത്തിയാക്കിയത്. റിയാദ് മഹ്റേസും ഡേവിഡ് സിൽവയും സിറ്റിക്കായി ഒാരോ ഗോൾ വീതം നേടിയപ്പോൾ ഒന്ന് സെൽഫ് ഗോളായി ന്യൂകാസിലും നൽകി. ഒരു ഗോളടിച്ചും ഗോളുകളടിപ്പിച്ചും സിറ്റിയുടെ മദ്ധ്യനിരയിൽ ഡേവിഡ് സിൽവ മിന്നിത്തിളങ്ങിയ മത്സരമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ സതാംപ്ടണിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതിന്റെ ക്ഷീണത്തിൽ നിന്നുള്ള തിരിച്ചുവരവ് കൂടിയായി സിറ്റിക്ക് ഇൗ വിജയം.
കിരീടമുറപ്പിച്ചുകഴിഞ്ഞ ലിവർപൂൾ ബ്രൈറ്റന്റെ തട്ടകത്തിൽ ചെന്നാണ് 3-1ന്റെ വിജയം നേടിയത്.ആറാം മിനിട്ടിൽ സലായും എട്ടാം മിനിട്ടിൽ ഹെൻഡേഴ്സണും സ്കോർ ചെയ്തതോടെ ലിവർപൂൾ ആധിപത്യം ഉറപ്പിച്ചിരുന്നു.45-ാംമിനിട്ടിൽ ട്രോസാഡ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 76-ാം മിനിട്ടിലെ സലായുടെ രണ്ടാം ഗോളോടെ ലിവർപൂൾ മത്സരം സ്വന്തം പേരിലെഴുതി.
34 മത്സരങ്ങളിൽ നിന്ന് 92 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവർപൂളിന് ശേഷിക്കുന്ന നാലുമത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുകൾ കൂടി നേടാനായാൽ സീസണിൽ 100 തികയ്ക്കാം.പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 34 മത്സരങ്ങളിൽ നിന്ന് 69 പോയിന്റാണ് നേടാനായത്.
മാഞ്ചസ്റ്റർ സിറ്റി അടുത്ത മത്സത്തിൽ ബ്രൈറ്റണെയും ലിവർപൂൾ ബേൺലിയെയും നേരിടും.