ന്യൂയോർക്ക്: ഓൺലൈൻ ക്ലാസുകളുള്ള വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി രാജ്യത്ത് നിന്ന് പറഞ്ഞുവിടാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഗവൺമെന്റിന്റെ തീരുമാനത്തിനെതിരെ യു.എസിലെ ഹാർവാഡ് സർവകലാശാലയും മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയും (എം.ഐ.ടി) കോടതിയെ സമീപിച്ചു. ബോസ്റ്റണിലെ ഡിസ്ട്രിക്ട് കോർട്ടിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ജൂലായ് ആറിന്റെ ഗവൺമെന്റ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇരു സർവകലാശാലകളും ആവശ്യപ്പെട്ടു. ഉത്തരവ് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് ഹാർവാഡും എം.ഐ.ടിയും കോടതിയെ സമീപിച്ചിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളെ യു.എസ് വിടാൻ നിർബന്ധിതരാക്കുന്ന മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനെയും ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനേയും തടയണമെന്നും യൂണിവേഴ്‌സിറ്റികൾ ആവശ്യപ്പെടുന്നു. അടുത്ത സെമസ്റ്ററിൽ ക്ലാസുകൾ ഓൺലൈനായ വിദ്യാർത്ഥികൾ യു.എസ് വിടണമെന്നും ഇല്ലെങ്കിൽ പുറത്താക്കേണ്ടി വരുമെന്നുമായിരുന്നു ഗവൺമെന്റ് ഉത്തരവിൽ പറഞ്ഞിരുന്നത്.