kanam

തിരുവനന്തപുരം: 1965ലെ ചരിത്രം എന്താണെന്ന് കോടിയേരിയോട് വായിക്കണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വായിച്ചോ ഇല്ലയോ എന്നറിയില്ല. എന്നാൽ മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ അദ്ദേഹം അതിന് മറുപടി പറഞ്ഞത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി അൽപ്പസമയത്തേക്ക് പഴയ പാർട്ടി സെക്രട്ടറിയായി പോയെന്നും കാനം വിമർശിച്ചു.

1965ലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് എന്താണ് നടന്നതെന്ന ഇ.എം.എസ് എഴുതിയ ലേഖനം വായിച്ചുകൊണ്ടായിരുന്നു കാനം സി.പി.എമ്മിന് മറുപടി നൽകിയത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രം മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് താൻ കരുതുന്നില്ല. അദ്ദേഹം മറച്ചു വയ്ക്കുകയാണ് ചെയ്‌തത്. മുഖ്യമന്ത്രി നടത്തിയ പരാമർശം ഉചിതമല്ല. 1965ൽ സി.പി.എം ഒറ്റയ്ക്കല്ല മത്സരിച്ചതെന്നും കാനം ആവർത്തിച്ചു.

സ്വർണം ആരയച്ചു ആർക്ക് അയച്ചു എന്നത് കണ്ടെത്തുക പ്രധാനമാണെന്നും കാനം പറഞ്ഞു. വിമാനത്താവളങ്ങളുടെ ഉത്തരവാദിത്വങ്ങൾ കേന്ദ്രസർക്കാരിനാണ്. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെയെന്നും കാനം വ്യക്തമാക്കി. സോളാറും സ്വർണക്കടത്തും രണ്ട് കേസുകളാണ്. ഏത് തരത്തിലുള്ള അന്വേഷണത്തിനും സംസ്ഥാന സ‌ർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഐ.ടി സെക്രട്ടറിയെ മാറ്റിയ സ്ഥിതിക്ക് ഇനി അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ല. സർക്കാരുമായോ സി.പി.എമ്മുമായോ ആശയം വിനിമയം നടത്തിയകാര്യങ്ങൾ മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല. സർക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. ജനയുഗം എഡിറ്റോറിയലിൽ കൂടുതൽ വ്യാഖ്യാനം ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സർക്കാർ ഗ്രാഫ് എപ്പോഴും മുന്നോട്ട് പോവുകയില്ല. തെറ്റ് തിരുത്തി തന്നെയാണ് തങ്ങൾ എപ്പോഴും മുന്നോട്ട് പോയിട്ടുള്ളത്. സർക്കാർ നിയമനങ്ങൾ സുതാര്യമായി നടത്തണമെന്നാണ് സി.പി.ഐ നിലപാട് എന്നും കാനം വ്യക്തമാക്കി.