sikh

അമൃത്‌സർ: ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അതും ജാതിസ്‌പർദ്ധയും മതവിദ്വേഷവും നിറഞ്ഞ തനി വർഗീയ പ്രസംഗം. പലവട്ടം അത്തരം കുഴപ്പങ്ങളുണ്ടാക്കി ജയിലിലായിട്ടുണ്ട്. പക്ഷെ അതൊന്നും പ്രശ്‌നമല്ല ആണുങ്ങളായാൽ അൽപസ്വൽപം ജയിലിലൊക്കെ കിടന്നെന്നിരിക്കും എന്ന ഭാവമാണ് സുധീർ സൂരിക്ക്. സ്വയം പ്രഖ്യാപിത ജനനായകനും ശിവസേനയുടെ പഞ്ചാബിലെ നേതാവുമാണ് സൂരി. പ്രശ്‌നക്കാരനായതുകൊണ്ട് ആരും കൈവയ്‌ക്കാതിരിക്കാൻ സംസ്ഥാന സർക്കാർ സുധീ‌ർ സൂരിക്ക് സംരക്ഷണത്തിനായി പൊലീസിനെയും അനുവദിച്ചിട്ടുണ്ട്. അതും പതിനഞ്ചംഗ സായുധ പൊലീസ്. ഒരു ജിപ്‌സി കാറും എട്ട് ഗൺമാൻമാരും, അഞ്ച് കോൺസ്‌റ്റബിൾമാരും, രണ്ട് ഡ്രൈവർമാരുമാണ് സൂരിക്ക് നൽകിയിരിക്കുന്നത്.

പക്ഷെ സുരക്ഷ ഇതൊന്നും പോരെന്നാണ് ഇദ്ദേഹത്തിന്റെ വക്താവ് രഞ്ജിത് സിംഗ് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ സുരക്ഷ ലഭിക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ റിട്ട് നൽകിയിരിക്കുകയാണ്. സാധാരണ ഭീഷണികളുള‌ള പഞ്ചാബിലെ ഒരു എം എൽ എയ്ക്ക് നൽകുന്ന സുരക്ഷ നാല് പൊലീസുകാരും ഒരു ജിപ്‌സി കാറുമാണ്. എം എൽ എയ്ക്ക് സ്വന്തം കാറുമാകാം. എന്നാൽ സൂരിയുടെ 'തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങൾ' കാരണം അദ്ദേഹത്തിന് കൂടുതൽ സുരക്ഷ നൽകണമെന്നാണ് രഞ്ജിത് സിംഗിന്റെ വാദം. തീവ്രവാദത്തിനെതിരെ നിരന്തരം സംസാരിക്കുന്ന ആളാണ് സുധീർ അതിനാലാണ് കൂടുതൽ സുരക്ഷ അദ്ദേഹത്തിന് വേണമെന്ന് പറയുന്നത്.

തബ്‌ലീഗി ജമാ അത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പരാമർശം നടത്തിയതിനാണ് സൂരിക്കെതിരെ 2014ൽ ആദ്യമായി കേസെടുത്തത്. ബുധനാഴ്ചയാണ് ഏ‌റ്റവും ഒടുവിൽ അമൃത്‌സർ പൊലീസ് സൂരിക്കെതിരെ കേസെടുത്തത്. രണ്ട് വിഭാഗങ്ങൾ തമ്മിലെ ശത്രുത വർദ്ധിപ്പിക്കാൻ പാകത്തിന് പ്രകോപന പ്രസംഗം നടത്തിയതിന്. കൊവിഡ് സംസ്ഥാനത്ത് ശക്തമായപ്പോൾ സുരക്ഷാ ഡ്യൂട്ടി നോക്കുന്ന രണ്ടായിരത്തോളം പൊലീസുകാരെ വിവിധ ചുമതലകൾക്കായി മാറ്റിയിരുന്നു. എന്നാൽ സുരിയുടെ സുരക്ഷാ പൊലീസുകാരെ സർക്കാർ മാറ്റിയിരുന്നില്ല.