pic

കാൺപൂർ : ഡി.എസ്.പി ഉൾപ്പെടെ എട്ട് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വികാസ് ദുബെയെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിന് മുന്നിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളിൽ ചിലരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യുകയും ചിലരെ എൻകൗണ്ടർ ചെയ്യുകയും ചെയ്തിരുന്നു. കൊലയക്ക് ശേഷം ഒളിവിൽ പോയിരുന്ന വികാസ് ദുബെയുടെ തലയ്ക്ക് യു പി പൊലീസ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.


ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വികാസ് പൊലീസ് പിടിയിലായത്.വികാസ് തന്റെ അയൽവാസിയായ ബാബ ദുബെയുടെ വിട്ടിൽ നിന്നുമാണ് റെയ്ഡിനെത്തിയ പൊലീസുകാർക്കെതിരെ നിറയൊഴിച്ചത്. ഇയാളുടെ വീട്ടിൽ നിന്നും വെടിയുതിർത്ത തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റൊരു പ്രതിയുടെ പേരിലാണ് ഈ തോക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.വികാസിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഫോറൻസിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.വികാസ് ദുബെയ് വി.വി.ഐ.പി പാസ് ഉപയോഗിച്ചാണ് മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയതെന്നും ഇയളുടെ രണ്ട് കൂട്ടാളികളെ കൂടി അറസ്റ്റ് ചെയ്തെന്നും മദ്ധ്യപ്രദേശ് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിൽ കടക്കാൻ പാസ് ലഭിച്ചതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും.


അതേസമയം സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും കേസ് കൈകാര്യം ചെയ്യുന്നതിൽ ഉത്തർ പ്രദേശിലെ ബി.ജെ.പി സർക്കാരിന് വീഴ്ച്ച പറ്റിയെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു.