vikas-dubey

ന്യൂഡൽഹി: കൊടുംകുറ്റവാളി വികാസ് ദുബെ മദ്ധ്യപ്രദേശിലെ ഉജ്ജയ്‌നിയിൽ അറസ്റ്റിലായി. റെയ്ഡിനെത്തിയ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷമാണ് പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ കൂട്ടാളികളായ രണ്ടു പേരെ കൂടി പൊലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കാൺപൂരിലെ ബികു ഗ്രാമത്തിൽ തന്നെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡി.എസ്‌.പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ദുബെ ഒളിവിൽ പോവുകയായിരുന്നു. ഉത്തർപ്രദേശിലും പുറത്തുമായി ഇയാൾക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഉത്തർപ്രദേശിൽനിന്ന് ഹരിയാന, ഡൽഹി വഴിയാണ് പൊലീസിനെ വെട്ടിച്ച് ദുബെ മദ്ധ്യപ്രദേശിലെത്തിയത്. ഇതിനിടെ കൂട്ടാളികളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചിലരെ ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമർ ദുബെയും കഴിഞ്ഞ ദിവസം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം,​ റെയ്ഡ് വിവരം ദുബെയ്ക്ക് ചോർത്തിക്കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

 ക്ഷേത്രദർശനത്തിന് പിന്നാലെ അറസ്റ്റ്

ഉജ്ജയിനിലെ മഹാകൽ ക്ഷേത്രത്തിൽ നിന്നാണ് വികാസ് ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുമ്പോൾ മേം വികാസ് ദുബെ ഹൂം, കാൺപുർ വാലാ എന്ന് ഇയാൾ ഉറക്കെ വിളിച്ചു പറയുന്ന വീഡിയോയും പുറത്തുവന്നു. ഇന്നലെ രാവിലെ ടീ ഷർട്ടും പാന്റ്സും ധരിച്ച് ക്ഷേത്രത്തിലെത്തിയ ഇയാളെ സമീപത്തെ കടക്കാരൻ തിരിച്ചറിഞ്ഞു. കടയിൽ നിന്ന് പ്രാർത്ഥനയ്ക്കുള്ള സാധനങ്ങൾ വാങ്ങി ദുബെ ക്ഷേത്രത്തിനുള്ളിലേക്ക് പോയി. പിന്നാലെ കടക്കാരൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ദുബെ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.