എത്ര നന്നായി പെരുമാറിയാലും പലപ്പോഴും പഴി കേൾക്കേണ്ടിവരുന്നു. വലിയവലിയ ആളുകളെ ശ്രദ്ധിക്കും. ഞങ്ങളൊക്കെ ചെറിയ ആളുകൾ. പണമുണ്ടെങ്കിൽ മണമുണ്ടാകും. പാവപ്പെട്ടവർക്ക് വിയർപ്പിന്റെ ഗന്ധമല്ലേ കാണൂ. ഇങ്ങനെയൊക്കെയാകും പഴികളുടെ സ്വഭാവം. ഇത്തരം പഴി കേൾക്കുന്നവർക്കും പറയാനുണ്ടാകും തങ്ങൾ അവഗണിക്കപ്പെട്ട സംഭവങ്ങൾ. ഇടവകയിലെ ഒരു പാവപ്പെട്ട വിശ്വാസിയുടെ പരാതിയും പരിഭവവും കലർന്ന വാക്കുകൾ ഫാദർ ക്ലമന്റ് സശ്രദ്ധം കേട്ടിരുന്നു. ബൈബിളിനുപുറമേ ഖുർ ആനും ഹിന്ദു പുരാണങ്ങളും ഫാദറിന് ഹൃദിസ്ഥമാണ്. പലരും ഇത്തരം പരാധീനതകൾ ഫാദറിന് മുന്നിൽ അവതരിപ്പിക്കാറുമുണ്ട്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു സാധാരണ വിശ്വാസിയുടെ പരിഭവത്തിൽ കഴമ്പുണ്ടെന്ന് അദ്ദേഹത്തിന് തോന്നി.
മഹാകവി കാളിദാസന്റെ കുമാരസംഭവത്തിലെ ഒരു ശ്ലോകം ഫാദർ ക്ലമന്റ് ചൊല്ലി. ഒന്നും മനസിലാകാതെ വിശ്വാസി ഇതുമായി എന്തുബന്ധം എന്ന സംശയത്തോടെ നിന്നപ്പോൾ ഫാദർ പുഞ്ചിരിയോടെ അത് വ്യാഖ്യാനിച്ചു. പാർവതിയുമായുള്ള കല്യാണത്തിന് മാനസികമായും ശാരീരികമായും ഒരുങ്ങുകയാണ് ശ്രീപരമേശ്വരൻ. ഈ സമയത്താണ ് ഇന്ദ്രൻ അടക്കമുള്ള ലോകപാലകന്മാർ ശിവന്റെ അടുത്തേക്ക് വരുന്നത്. അതിൽ സൃഷ്ടികർത്താവായ ബ്രഹ്മാവുണ്ട്. സ്ഥിതികർത്താവായ മഹാവിഷ്ണുവുണ്ട്. ഇന്ദ്രനുണ്ട്. എല്ലാവരും മഹത്തുക്കൾ. തങ്ങളുടെ പദവി ചിഹ്നങ്ങൾ ശിരസിൽ ചാർത്തി അലങ്കാര വേഷം പൂർത്തിയാക്കിയാണ് ഇന്ദ്രനടക്കമുള്ളവരുടെയെല്ലാം വരവ്. അവരുടെ വരവുണർത്തിച്ച നന്ദിയുടെ ആംഗ്യപ്രകാരം അവരെല്ലാം കൂപ്പുകൈകളോടെ ശിവന് പ്രണാമമർപ്പിച്ചു.
ഓരോ രീതിയിൽ മാനിക്കേണ്ടവരും ബഹുമാനിക്കേണ്ടവരും ശ്രദ്ധിക്കേണ്ടവരുമായ ഒരു സംഘത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ മിക്കവരും പതറിപ്പോകും. ഈ ആശയക്കുഴപ്പമാണ് പഴിയായി രൂപപ്പെടുന്നത്. വി.ഐ.പിക്ക് അമിതപ്രാധാന്യം നൽകിയാൽ സാധാരണക്കാർക്ക് നീരസമാകും. അത് ചിന്തിച്ച് പ്രാധാന്യം നൽകാതിരിക്കാനുമാകില്ല. സമ്പന്നന് കൂടുതൽ പരിഗണന നൽകിയാൽ അവിടെയും വരും പഴി. ഇവിടെയാണ് ശ്രീപരമേശ്വരന്റെ പാടവം പ്രകടമാകുന്നത്.
തനിക്ക് ജയാംശസകൾ നേരാൻ ആത്മാർത്ഥമായി വന്നിരിക്കുകയാണ് ലോകപാലകന്മാരും സപ്തർഷികളുമെല്ലാം. ആ ചിന്ത മനസിൽ വച്ച് മഹാദേവൻ പെരുമാറുന്നത് നമ്മൾ മനുഷ്യരെല്ലാം മാതൃകയാക്കണം.
തലയാട്ടൽ കൊണ്ട് ബ്രഹ്മാവിനെ ആദരിച്ചു. ആ സമയത്തുതന്നെ സൗമ്യമായ വാക്കുകൊണ്ട് മഹാവിഷ്ണുവിനെ മാനിച്ചു. പുഞ്ചിരികൊണ്ട് ദേവേന്ദ്രനെ വരവേറ്റു. സ്നേഹാർദ്രമായനോട്ടം കൊണ്ട് മറ്റു ലോകപാലകന്മാരെയെല്ലാം പരിഗണിച്ചു. എല്ലാവർക്കും സംതൃപ്തി ഏവർക്കും സന്തുഷ്ടി. മൊത്തം പേരെയും നോക്കി ബഹുമാനം കലർന്ന ഒരു പുഞ്ചിരി. അതുതന്നെ ക്ഷീണിച്ചുവരുന്നവർക്ക് സ്നേഹം കൊണ്ടുള്ള ഒരു ദാഹശമനിയാകും. പുരാണങ്ങളും മതഗ്രന്ഥങ്ങളും വായിച്ചു മടക്കിവയ്ക്കാനുള്ളതല്ല. ഒരുനല്ല ആശയമെങ്കിലും മനസിൽ മുടങ്ങാതെ ഇരിക്കണം. ഫാദർ ക്ലമന്റിന്റെ വാക്കുകൾ വിശ്വാസിയുടെ മനം നിറച്ചു. കർത്താവിന് ഓശാന ശ്രീപരമേശ്വരന് വണക്കം എന്ന് പറഞ്ഞ് പുഞ്ചിരിയോടെ വിശ്വാസി മടങ്ങിപ്പോകുന്നതും നോക്കി ഫാദർ ക്ലമന്റ് നിന്നു. പിന്നെ കർത്താവിനെ സ്തുതിച്ചു.
(ഫോൺ: 9946108220)