ലാഹോർ : തങ്ങൾക്ക് നടത്തിപ്പ് അവകാശമുള്ള ഈ വർഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസം അറിയിച്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ഗാംഗുലി ആരാണെന്ന് പാക്ക് ബോർഡിന്റെ മീഡിയ ഡയറക്ടർ സമീയുൾ ഹസൻ ബേനി ചോദിച്ചു. ഏഷ്യാകപ്പ് റദ്ദാക്കിയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തേണ്ടത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റാണെന്ന് ചൂണ്ടിക്കാട്ടിയ ബേനി ഗാംഗുലി ആഴ്ച തോറും പ്രസ്താവനകൾ നടത്തിയാലും അതിന് യാതൊരു വിലയുമില്ലെന്നും പരിഹസിച്ചു.

പാക്കിസ്ഥാനായിരുന്നു ഇത്തവണ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്. അവിടെ കളിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൈമനസ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വേദി മാറ്റാൻ പാക്ക് ബോർഡ് ശ്രമം നടത്തിയിരുന്നു. ബംഗ്ലദേശും യുഎഇയും ഉൾപ്പെടെയുള്ള വേദികൾ പരിഗണിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഏഷ്യാകപ്പ് റദ്ദാക്കിയതായി ഗാംഗുലി പരസ്യമാക്കിയത്. ഗാംഗുലി പറഞ്ഞതെല്ലാം നിഷേധിച്ച് പി.സി.ബി ചെയർമാൻ ഇഹ്സാൻ മാനിയും രംഗത്തെത്തിയിട്ടുണ്ട്.