footballer-bite

റോം : കൊവിഡ് കാലത്ത് സർവത്ര നിയന്ത്രണങ്ങളുമായാണ് യൂറോപ്പിൽ ഫുട്ബാൾ തുടങ്ങിയത്. ഗാലറികളിൽ കാണികളെയും കളിക്കളത്തിൽ തൊട്ടുള്ള ആഘോഷങ്ങളെയും ഒഴിവാക്കി കളി തുടങ്ങിയെങ്കിലും ആവേശം കൂടിയപ്പോൾ കാര്യം മറന്നു; തൊട്ടും പിടിച്ചുമുള്ള ആഘോഷങ്ങളും ഫൗളുകളുമൊക്കെ പഴയതുപോലെ തന്നെ. ഒരു പടികൂടിക്കടന്ന് എതിരാളിയെ കടിക്കാനും മടിയില്ലാത്ത കളിക്കാരും ഇൗ കൊവിഡ് കാലത്തുണ്ട്.

. കഴിഞ്ഞ ദിവസം ഇറ്റാലിയൻസെരി എയിൽ ലാസിയോയും ലീച്ചെയും തമ്മിലുള്ള മത്സരത്തിനിടയിലാണ് കടി അരങ്ങേറിയത്. ലാസിയോ ഡിഫൻഡർ ഗിൽ പാട്രീസ് എതിർ ടീമിലെ ഡൊണാറ്റിയുടെ കൈയിൽ കടിക്കുകയായിരുന്നു. അപ്പോത്തന്നെ റഫറി ചുവപ്പു കാർഡെടുത്ത് വീശി പാട്രീസിനെ പറഞ്ഞുവിട്ടു.

ശിക്ഷ പക്ഷേ റെഡ്​കാർഡിൽ അവസാനിച്ചില്ല. ഇറ്റാലിയൻ ലീഗ് ഫെഡറേഷൻ പാട്രീസിന് 10,000 യൂറോ പിഴയും നാല്​ കളികളിൽ വിലക്കും ഏർപ്പെടുത്തി.

സുവാരേസിന്റെ കടികൾ

കടിയൻ പാട്രീസിന്റെ മുൻഗാമിയാണ് ബാഴ്സലോണയുടെ ഉറുഗ്വേക്കാരൻ സ്ട്രൈക്കർ ലൂയിസ് സുവാരേസ്. പലപ്പോഴും വിലക്കും പിഴയുമൊക്കെ കിട്ടിയിട്ടും ലോകകപ്പ് വരെ സുവാരേസ് കടികൾ തുടർന്നു.

ഒന്നാം കടി

2010ൽ ഹോളണ്ട് ലീഗിൽ അയാക്​സിന് കളിക്കുമ്പോൾ പി.എസ്​.വിയുടെ ഒട്ടുമാൻ ബക്കലിനെ കടിച്ചുകൊണ്ടായിരുന്നു തുടക്കം. അത് മത്സരം നിയന്ത്രിച്ച റഫറി ക്യയ്‌പ്പേഴ്‌സ് കണ്ടില്ല. എന്നാൽ, കടികൊണ്ട ബക്കൽ ബഹളം വച്ചപ്പോൾ ടെലിവിഷൻ രംഗങ്ങൾ പരിശോധിച്ചശേഷം ഫെഡറേഷൻ ഏഴ്​ മത്സരങ്ങളിൽനിന്ന്​ വിലക്കി.

രണ്ടാം കടി

2013ൽ പ്രീമിയർ ലീഗിൽ ലിവർപൂളിന് കളിക്കുമ്പോൾ ചെൽസിയിലെ ബ്രാൻസിലാവ് ഇവാനോവിച്ചിൻെറ കൈക്കിട്ടൊരു കടികൊടുത്തു. ഇവിടെ റഫറി കെവിൻ ഫ്രണ്ട് ശിക്ഷ ഒന്നും നൽകിയില്ല. എന്നാൽ ഇംഗ്ലീഷ് ഫുട്​ബാൾ ഫെഡറേഷൻ വിധിച്ചത് പത്ത്​ കളി വിലക്കും വൻതുക പിഴയുമായിരുന്നു.

മൂന്നാം കടി

മൂന്നാമത്തേതാണ് വിഖ്യാതമായത്. 2014 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ കെല്ലിനിയുടെ തോളിനിട്ടായിരുന്നു ആക്രമണം. ഇതിന് കിട്ടിയത് നാല്​ മാസത്തെ കളി വിലക്കും ഒമ്പത്​ അന്തർ ദേശീയ മത്സരങ്ങളിൽ നിന്നുള്ള ഒഴിവാക്കലും 82,000 ഡോളർ പിഴയും ആയിരുന്നു.

അന്നത്തെ ശിക്ഷക്ക് എതിരെ അദ്ദേഹം ലോക സ്പോർട്​സ്​ കോടതിയെ സമീപിച്ചെങ്കിലും അന്തർ ദേശീയ കളി വിലക്കിൽ ഇളവ് ലഭിച്ചില്ല. എന്നാൽ, ബാഴ്​സലോണ ടീമിനൊപ്പം പരിശീലിക്കാനും പ്രാദേശിക മത്സരങ്ങളിൽ കളിക്കാനും അനുവദിച്ചു.