ദേശീയ മാദ്ധ്യമങ്ങളിലും താരമായി കേരളത്തിന്റെ സ്വന്തം സുപ്രിയ. കാഴ്ച പരിമിതിയുള്ള വൃദ്ധനെ സഹായിക്കാനായി കെ.എസ്.ആർ.ടി.സി ബസിനു പിറകെ സുപ്രിയ ഓടുന്ന വീഡിയോ കേരളമൊട്ടാകെ വൈറലായിരുന്നു. നിരവധി പേരാണ് സുപ്രിയയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ കണ്ടത്.
തിരുവല്ലയിലാണ് സംഭവം നടക്കുന്നത്. കുരിശുകവലയിൽ റോഡിൽ സഹായിക്കാനാരുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു കാഴ്ചയില്ലാത്ത ഒരു വൃദ്ധൻ. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ നിസഹായനായി നിന്ന വൃദ്ധന് മുന്നിൽ സഹായവുമായി പ്രത്യക്ഷപ്പെടുകയായിരുന്നു സുപ്രിയ. തിരുവല്ലയിലെ ജോളി സിൽക്ക്സിൽ ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൃദ്ധനെ കാണാനിടയായത്.
മഞ്ഞാടിയിലേക്കായിരുന്നു വൃദ്ധന് പോകേണ്ടിയിരുന്നത്. ഇത് ചോദിച്ച് മനസിലാക്കിയ സുപ്രിയ ഒരു കെ.എസ്.ആർ.ടി.സി ബസിന് കൈകാണിച്ച് നിറുത്തി. അല്പം മുന്നിലേക്ക് നീങ്ങി നിറുത്തിയ ബസിനു പിറകെ ഓടിച്ചെന്ന സുപ്രിയ കണ്ടക്ടറോട് കാര്യം പറഞ്ഞു. ബസ് വൃദ്ധനെ കാത്തു നില്ക്കുകയും ചെയ്തു. തുടർന്ന് തിരികെ ഓടി ഊന്നുവടിയുമായി നിന്ന വൃദ്ധനടുത്തെത്തി അദ്ദേഹത്തെ കൈപിടിച്ച് കൊണ്ട് വന്ന് ബസിൽ കയറ്റിവിടുകയായിരുന്നു. വൃദ്ധനെ സുരക്ഷിതമായി ബസിനുള്ളിൽ കയറ്റിയ ശേഷമാണ് സുപ്രിയ മടങ്ങിയത്.
ഈ സംഭവങ്ങളെല്ലാം സമീപത്തെ ആറ്റിൻകര ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ജോഷ്വ ഫോണിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ജോഷ്വ പോലും കരുതിയില്ല വീഡിയോ ഇത്രയും വൈറലാകുമെന്ന്. വീഡിയോയുടെ കാര്യം സുപ്രിയയും അറിഞ്ഞില്ല. മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ സഹപ്രവർത്തക വിവരം സുപ്രിയയെ അറിയിക്കുകയും തുടർന്ന് ഭർത്താവ് അനൂപിന്റെ ഫോണിലൂടെ ദൃശ്യങ്ങൾ നേരിൽ കാണുകയുമായിരുന്നു.