കാൻബറ: ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ ആസ്ട്രേലിയയും ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാർ ശേഖരിക്കുന്നു എന്ന സംശയമാണ് ഇതിനുകാരണമെന്നാണ് റിപ്പോർട്ട്. ചൈനീസ് സർക്കാൻ ടിക് ടോക്കിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് നേരത്തേ ലിബറൽ സെനറ്റർ ആരോപണമുന്നയിച്ചിരുന്നു.
എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം ടിക്ടോക് നിഷേധിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ചൈനീസ് സർക്കാരിന് കഴിയില്ലെന്നാണ് ടിക്ടോക്കിന്‍റെ അവകാശവാദം. എന്നാൽ ഡാറ്റകളിലേക്ക് പ്രവേശിക്കുക ചൈനീസ് സർക്കാരിന് ബുദ്ധിമുട്ടുളള കാര്യമല്ലെന്നാണ് മറ്റുചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ടിക്ടോക് ഉപഭോക്താവ് അയാളുടെ ഫോണിൽ നിന്ന് ഈ ആപ്പ് ഉപേക്ഷിക്കാൻ ശ്രമിച്ചാൽ അയാൾ ഈ ആപ്പ് ഉപേക്ഷിക്കുന്നതുവരെയുളള വിവരങ്ങൾ ടിക്ടോക്കിന്‍റെ സെർവറിൽ ഉണ്ടാവും. ഈ ഡാറ്റകൾ ഇല്ലാതാക്കണമെങ്കിൽ കമ്പനിതന്നെ അതിനുളള നടപടികൾ സ്വീകരിക്കണം. ഈ ഡാറ്റാ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഇക്കാരണങ്ങളാലാണ് ടിക്ടോക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാർ ശേഖരിക്കുന്നു എന്ന് സംശയം ബലപ്പെടുന്നത്.
ഇന്ത്യയുടെ അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റത്തെത്തുടർന്നാണ് ഇന്ത്യ ടിക് ടോക് അടക്കമുളള ആപ്പുകൾ നിരോധിച്ചത്. രാജ്യ സുരക്ഷയെ മുൻനിറുത്തിയാണ് അമേരിക്ക നിരോധനമേർപ്പെടുത്തിയത്.