sreejesh-kumarsubrahmanya

മലേഷ്യൻ ഗോൾ കീപ്പിംഗ് ഇതിഹാസം കുമാർ സുബ്രഹ്മണ്യവുമായുള്ള അപൂർവ സൗഹൃദത്തെപ്പറ്റി മലയാളിയായ ഇന്ത്യൻ ഹോക്കി ഗോളി പി.ആർ ശ്രീജേഷ് സംസാരിക്കുന്നു

രണ്ട് രാജ്യത്തെ കളിക്കാർ തമ്മിൽ കളിക്കളത്തിലില്ലെങ്കിലും പുറത്ത് സൗഹൃദം ഉണ്ടാകാറുണ്ട്. എന്നാൽ ആ സൗഹൃദം രാജ്യത്തിന്റെ അതിർത്തി കടന്ന് സഹോദര തുല്യസ്നേഹമായി മാറുന്ന അപൂർവ്വ കഥ പറയുകയാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ പി.ആർ ശ്രീജേഷ്.മലേഷ്യൻ ഗോൾ കീപ്പിംഗ് ഇതിഹാസമായ കുമാർ സുബ്രഹ്മണ്യമാണ് ഇൗ കഥയിലെ ശ്രീയുടെ ചങ്ക് ബ്രോ...

2011 ൽ ചൈനയിലെ ഒാർഡോസിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കിടെയാണ് ശ്രീജേഷിനെ ആദ്യം കാണുന്നതെന്നും പരിചയപ്പെടുന്നതെന്നും കുമാർ പറയുന്നു. അതിന് മുമ്പ് ശ്രീയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ ചൈനയിൽ നിന്ന് മടങ്ങുമ്പോഴേക്കും രണ്ടുപേരും നല്ല കൂട്ടുകാരായി മാറി.തമ്മിൽ പത്തുവയസോളം വ്യത്യാസമുണ്ടെങ്കിലും സൗഹൃദത്തിന് അതൊന്നും തടസമായിരുന്നില്ല.സീനിയർ -ജൂനിയർ വ്യത്യാസമില്ലാതെ ഇരുവരും എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. 'അണ്ണൻ ' എന്നാണ് ശ്രീജേഷ് കുമാറിനെ സംബോധന ചെയ്തിരുന്നത്.

2015 ലെ സുൽത്താൻ അസ്‌ലൻ ഷാ കപ്പിനെത്തിയപ്പോഴാണ് സൗഹൃദം അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ടൂർണമെന്റ് കഴിഞ്ഞ് ഇന്ത്യൻ ടീമിലെ മറ്റെല്ലാവരും നേരത്തേ നാട്ടിലേക്ക് തിരിച്ചപ്പോൾ ശ്രീജേഷിന്റെ ടിക്കറ്റ് മറ്റൊരു വിമാനത്തിലായിരുന്നു.പകൽ ബോറടിച്ചപ്പോൾ ശ്രീ നേരേ കുമാർ അണ്ണനെ വിളിച്ചു. എന്നാൽ എന്റെ വീട്ടിലേക്ക് വരൂ എന്നായി. ബാത്തു കേവിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രയും ഷോപ്പിംഗുമൊക്കെ കഴിഞ്ഞ് അൽപ്പനേരം കുമാറിന്റെ വീട്ടിൽ കിടന്ന് ഉറങ്ങിയശേഷമാണ് വിമാനത്താവളത്തിലേക്ക് പോയത്. പിന്നീട് മലേഷ്യയിലേക്ക് എപ്പോൾ പോകുമ്പോഴും ശ്രീ കുമാറിന്റെ വീട്ടിലെത്തും. മധുരപ്രിയനായ കുമാറിന് ഒരുകെട്ട് ഇന്ത്യൻ മധുര പലഹാരങ്ങളും പൊതിഞ്ഞെടുത്തിട്ടുണ്ടാകും.

2017ൽ ഹോക്കി ഇന്ത്യ ലീഗിൽ യു.പി വിസാഡ്സ് ടീമിലായിരുന്നു ഇരുവരും. താമസം ഒരേ ഹോട്ടൽ മുറിയിൽ. മിക്ക ടീമുകളിലും ഗോൾകീപ്പർമാർ ഒരേ മുറിയിലാകും; പക്ഷേ വലിയ സൗഹൃദം കാണിക്കാറില്ല. കാരണം ഒരാൾക്കേ കളിക്കാൻ ഇറങ്ങാനാകൂ. അതിന്റേതായ പിരിമുറുക്കം ഇരുവർക്കുമിടയിൽ കാണുകയും ചെയ്യും. എന്നാൽ ശ്രീയ്ക്കും കുമാറിനും അങ്ങനെയൊരു വിഷയമേ ഇല്ലായിരുന്നു. പ്ളേയിംഗ് ഇലവനിൽ ആരു വന്നാലും ഒരേ പോലെ സന്തോഷം. ഇത്രയും നന്നായി ആസ്വദിച്ച ഒരു ടൂർണമെന്റ് വേറേ ഇല്ലെന്ന് കുമാർ പറയുന്നു.

ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമായി പരസ്പരം എതിരെ കളിക്കുമ്പോഴും മത്സരശേഷം ഇരുവരും സൗഹൃദം പങ്കിടാറുണ്ട്. താൻ കളിയിൽ നിന്ന് വിരമിച്ചശേഷം കോച്ചാകാനുള്ള കാരണം ശ്രീജേഷാണെന്ന് കുമാർ പറയുന്നു. ഹോക്കി ലീഗിനിടെ തനിക്ക് അധികകാലം ഹോക്കിയിൽ തുടരാനാകില്ലെന്ന് പറഞ്ഞപ്പോഴാണ് എന്തുകൊണ്ട് പരിശീലകനായിക്കൂട എന്ന് ശ്രീജേഷ് ചോദിച്ചത്.തുടർന്നാണ് ആ വഴിക്ക് ചിന്തിച്ചത്.ഇപ്പോൾ മലേഷ്യൻ അണ്ടർ -21 ടീമിന്റെ ഗോൾകീപ്പിംഗ് കോച്ചാണ് കുമാർ.

കുമാറിന്റെ പൂർവികർ തമിഴ്നാട്ടുകാരാണ്. തമിഴ്നാട്ടിലെ കുടുംബ ക്ഷേത്രത്തിൽ അദ്ദേഹം വർഷത്തിലൊരിക്കൽ എത്താറുണ്ട്.