തൃശൂർ: സ്വർണക്കടത്തിൽ സമഗ്രാന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ശരിയായ അന്വേഷണം നടത്തിയാൽ ബി.ജെ.പി, കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം വ്യക്തമാകും. അവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണം. അന്വേഷണത്തിന് കേന്ദ്രസർക്കാരാണ് നേതൃത്വം വഹിക്കേണ്ടത്.

കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നത്. ഇത് എവിടെ നിന്നുവന്നു, എവിടേക്ക് പോയി എന്നത് ഉൾപ്പെടെ വെളിച്ചത്ത്‌ കൊണ്ടുവരണം. എയർപോർട്ട്, കസ്റ്റംസ്, സുരക്ഷ കൈകാര്യം ചെയ്യുന്ന സി.ഐ.എസ്.എഫ് എന്നിവ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമമുണ്ടാകുന്നില്ല. സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം.

സ്വർണക്കടത്ത് യു.എ.ഇ കോൺസലേറ്റുമായി ബന്ധപ്പെട്ടതാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആർക്കെങ്കിലും പങ്കുള്ളതായി കസ്റ്റംസ് പറഞ്ഞിട്ടില്ല. ആരോപണ വിധേയയായ വ്യക്തിയുമായി സൗഹൃദമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി സെക്രട്ടറിയെ മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഒരു സംശയവും ഉണ്ടാകരുതെന്ന കാഴ്ചപാടിന്റെ ഭാഗമായാണ് നടപടി. ഐ.ടി സെക്രട്ടറി കുറ്റക്കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനാണെന്നും വിജയരാഘവൻ പറഞ്ഞു.