ന്യൂഡൽഹി: കൊവിഡ് കാല നിബന്ധനകൾ കൊണ്ട് ഇന്ത്യയിൽ കുടുങ്ങിപ്പോയ യു.എ..ഇ പൗരന്മാർക്ക് വന്ദേ ഭാരത് മിഷന്റെ എയർ ഇന്ത്യാ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ അവസരം. ജൂലായ് 12 മുതൽ പതിനഞ്ച് ദിവസത്തേക്കാണ് ഈ അനുവാദമുളളത്. യു.എ.ഇയിൽ നിന്നുളള ചാർട്ടേഡ് വിമാനങ്ങളിലും ഈ കാലയളവിൽ സർവീസ് നടത്തും. ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയ അധികൃതർ തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരമാണ് ഈ തീരുമാനം.
മാർച്ച് മാസത്തിൽ കൊവിഡ് പടർന്ന് പിടിച്ചപ്പോൾ വ്യോമയാന ഗതാഗതം വിവിധ രാജ്യങ്ങൾ നിരോധിച്ചതിനെ തുടർന്നാണ് ഇത്തരം സാഹചര്യമുണ്ടായത്. ഐ.സി.എ അംഗീകാരമുളള യാത്രക്കാർക്ക് മാത്രമേ തിരികെ മടങ്ങാനാകൂ. വന്ദേ ഭാരത് മിഷൻ ആരംഭിച്ച ശേഷം അറബ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ മടക്കി കൊണ്ടുവരാൻ യാത്രക്കാരില്ലാത്ത വിമാനങ്ങളാണ് അയയ്ക്കാറ്. യുഎഇ പൗരന്മാരെ മടക്കി കൊണ്ടുപോകുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.