മുംബയ്: ഷോലേ എന്ന ഐതിഹാസിക സിനിമയിലെ 'സൂർമ ഭോപ്പാലി' ഉൾപ്പെടെ പ്രേക്ഷകരെ രസിപ്പിച്ച നിരവധി ഹാസ്യകഥാപാത്രങ്ങളെ അനശ്വരമാക്കിയ ഹിന്ദി കൊമേഡിയൻ ജഗദീപ് അന്തരിച്ചു. 81 വയസായിരുന്നു. ബുധനാഴ്ച രാത്രി 8.30ന് ബാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം.കുറേ കാലമായി പ്രായാധിക്യത്തിന്റെ അവശതകളിലായിരുന്നു. ഭൗതികദേഹം ഇന്നലെ മുംബയ് മസ്ഗാവിലെ ഷിയാ കബറിസ്ഥാനിൽ കബറടക്കി. സിനിമയിൽ ജഗ്‌ദീപ് എന്ന പേര് സ്വീകരിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് സയദ് ഇഷ്‌തിയാഖ് അഹമ്മദ് ജാഫ്രി എന്നായിരുന്നു. ബീഗം ജാഫ്രിയാണ് ഭാര്യ. പ്രശസ്‌ത ബോളിവുഡ് നടനും ശബ്ദകലാകാരനും ടെലിവിഷൻ താരവുമായ ജാവേദ് ജാഫ്രിയും സീരിയൽ സംവിധായകൻ നാവേദ് ജാഫ്രിയും പുത്രന്മാരാണ്. ചലനങ്ങളിലും സംഭാഷണത്തിലും അപാരമായ ടൈമിംഗ് പ്രകടിപ്പിച്ച അഭിനയ പ്രതിഭയായിരുന്നു ജഗ്‌ദീപ്. ഷോലെയിൽ ധർമ്മേന്ദ്രയുടെ വീരുവിനെയും അമിതാഭ് ബച്ചന്റെ ജയ്‌യേയും പൊലീസിന് പിടിച്ചുകൊടുത്ത് രണ്ടായിരം രൂപ പ്രതിഫലം വാങ്ങുന്ന സൂർമ ഭോപ്പാലി എന്ന വിറകുകച്ചവടക്കാരൻ ജഗ്‌ദീപിന്റെ തകർപ്പൻ വേഷങ്ങളിലൊന്നാണ്. പിന്നീട് സൂർമ ഭോപ്പാലിയെ കാണാൻ വീരുവും ജയ്‌യും എത്തുന്ന കോമ്പിനേഷൻ സീനിൽ ജഗ്‌ദീപിന്റെ പകർന്നാട്ടം ധർമ്മേന്ദ്രയെയും അമിതാഭ് ബച്ചനെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു. എഡിറ്റിംഗിൽ പോലും ഒഴിവാകാത്ത, ചിരിയടക്കാൻ ശ്രമിക്കുന്ന ബച്ചന്റെ മുഖം ആ സീനിൽ ഒരു നിമിഷം പ്രകടമാണ്. പിൽക്കാലത്ത് സൂർമ ഭോപ്പാലിയെ മുഖ്യ കഥാപാത്രമാക്കി സ്വയം അഭിനയിച്ച അതേപേരിലുള്ള സിനിമ അദ്ദേഹം തന്നെ സംവിധാനം ചെയ്‌തിട്ടുമുണ്ട്. 1939 മാർച്ച് 29ന് മദ്ധ്യപ്രദേശിലായിരുന്നു ജനനം. ഒൻപതാം വയസിൽ ബാലതാരമായി അരങ്ങേറി. ബി ആർ ചോപ്രയുടെ അഫ്‍സാന ആദ്യ ചിത്രം. ഗുരുദത്തിന്റെ ആർ പാർ, കെ. എ. അബ്ബാസിന്റെ മുന്ന, ബിമൽ റോയിയുടെ ദോ ബിഗാ സമീൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 1957ൽ ഭാഭി എന്ന ചിത്രത്തിലാണ് ആദ്യമായി പ്രധാന കഥാപാത്രമായത്. പിൽക്കാലത്ത് അഭിനയം പൊട്ടിച്ചിരിയുടെ ഉത്സവമാക്കിയ ജഗ്‌ദീപ് ഭാഭിയിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും വിഷാദത്തിന്റെയും മുഹൂർത്തങ്ങൾ കാഴ്‌ചവച്ചിരുന്നു. 1968ൽ ബ്രഹ്മചാരിയിലെ കിടിലൻ പ്രകടനമാണ് അദ്ദേഹത്തിന് ഹിന്ദിസിനിമയിൽ മുഴുനീള കൊമേഡിയന്റെ സിംഹാസനം നൽകിയത്. ആറു പതിറ്റാണ്ടിനിടെ നാനൂറിലേറെ സിനിമകളിൽ ആ പ്രതിഭ വിലസി. പുരാനാ മന്ദിറിലെ മച്ചാർ സിംഗ്, ആന്ദാസ് അപ്‌നാ അപ്‌നായിൽ സൽമാൻ ഖാന്റെ അച്ഛന്റെ വേഷം തുടങ്ങി പ്രേക്ഷകർ മറക്കാത്ത കഥാപാത്രങ്ങൾ അവശേഷിപ്പിച്ചാണ് ജഗ്‌ദീപ് മടങ്ങുന്നത്. തീൻ ബഹുരാനിയൻ, ഖിലോന, ബിദായി, ഏജന്റ് വിനോദ്, ഖുർബാനി, ഷൈഹെൻഷാ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളാണ്. 2012ൽ ഇറങ്ങിയ ഗലി ഗലി ചോർ ഹേ ആണ് അവസാന ചിതം. ഐഫയുടെ ലൈഫ് ടൈം അച്ചീവ്‍മെന്റ് അവാർഡ് നേടിയിട്ടുണ്ട്.