കാൺപൂർ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉത്തർപ്രദേശിനെ അടക്കി ഭരിക്കുന്ന ഗ്യാങ്സ്റ്റർ. സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന മാഫിയ സംഘത്തിന്റെ തലവൻ.
കൊലപാതകമടക്കമുള്ള നൂറോളം കേസുകളിലെ മുഖ്യപ്രതി...
വികാസ് ദുബെയെക്കുറിച്ച് പറഞ്ഞാൽ തീരില്ല.
കേസുകൾ നിരവധിയാണെങ്കിലും ദുബെയുടെ ശക്തമായ നെറ്റ്‌വർക്കിനോടുള്ള ഭയം മൂലം പൊലീസ് നടപടിയെടുക്കാൻ മടിച്ചു. കാൺപൂരിലെ ചൗബേപൂർ
പൊലീസ് സ്‌റ്റേഷനിൽ മാത്രം ദുബെയുടെ പേരിൽ 60ൽ അധികം കേസുകളുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്നത്. ഇതിനിടെയാണ് എട്ട് പൊലീസുകാരെ വെടിവച്ച് കൊന്നത്.
ഗുണ്ടാ നേതാവിൽ നിന്നും മാഫിയ തലവനിലേക്കുള്ള യാത്ര ദുബെ ആരംഭിച്ചത് 1990 കളുടെ തുടക്കത്തിലായിരുന്നു. ആദ്യഘട്ടത്തിൽ പണം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ട് പോകലും കവർച്ചയുമായിരുന്നു പ്രധാന പരിപാടി. പൊലീസ് രജിസ്‌റ്ററിൽ പേരുവിവരങ്ങൾ വന്നതോടെ ദുബെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചു. ഗുണ്ടാ സംഘങ്ങളുടെ തലവനാകണമെന്ന ആഗ്രഹം ശക്തമായതോടെ പേരെടുക്കാൻ നിരവധി കേസുകളിൽ പങ്കാളിയായി. ദുബെയുടെ സാമ്രാജ്യം അതിവേഗം വളർന്നു.
ക്രിമിനൽ കേസുകൾ കേസുകൾ രജിസ്‌റ്റർ ചെയ്യപ്പെട്ടതോടെ ദുബെയെ പൊലീസ് വേട്ടയാടാൻ തുടങ്ങി. ഇതോടെയാണ് രാഷ്‌ട്രീയത്തിലിറങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. 1995-96 വർഷങ്ങളിൽ രാഷ്‌ട്രീയ രംഗത്ത് സജീവമായ ഇടപെട്ട ദുബെ ആ വർഷം ബി.എസ്.പിയിൽ ചേർന്നു. എം.എൽ.എ ആയി മത്സരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പഞ്ചായത്ത് ഭരണം കൈപിടിയിലാക്കി. അദ്ദേഹത്തിന്റെ ഗ്രാമമായ ബിക്രുവിൽ കഴിഞ്ഞ 15 വർഷമായി തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ദുബെ നിർദേശിക്കുന്ന വ്യക്തികളാണ് ഭരിക്കുക. തിരഞ്ഞെടുപ്പിൽ ദുബെ നിർദേശിക്കുന്ന നേതാക്കൾക്ക് എതിരാളി ഉണ്ടാകില്ല. ദുബെയുടെ ഭാര്യയാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
രാഷ്‌ട്രീയ രംഗത്തേക്ക് ഇറങ്ങിയതോടെ ദുബെയ്‌ക്ക് പൊലീസിൽ നിന്നും അകമഴിഞ്ഞ സഹായം ലഭിച്ചു. കേസ് നടപടികൾ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. പൊലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയാനും സ്വാധീനം ഉപയോഗിച്ച് നടപടികൾ ഒഴിവാക്കാനുമായി. പോലീസ് സേനയിൽ ഉന്നത പദവികൾ വഹിച്ചിരുന്നവരെ ഒപ്പം നിറുത്തി കേസുകൾ തനിക്ക് അനുകൂലമാക്കി തീർത്തു. രാഷ്‌ട്രീയക്കാരും സഹായത്തിനെത്തി.
തനി ക്രിമിനൽ
പല തവണ അറസ്‌റ്റ് രേഖപ്പെടുത്തിയെങ്കിലും ജാമ്യം നേടി ദുബെ പുറത്തെത്തി. 2001ൽ പൊലീസ് സ്റ്റേഷനുള്ളിൽ കടന്ന് ബി.ജെ.പി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ വെടിവെച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് വികാസ്. കൊലപാതകത്തിന് ശേഷം കോടതിയിൽ കീഴടങ്ങിയ ദുബെ ജാമ്യം നേടി പുറത്ത് വരുകയായിരുന്നു. 2000 ൽ താരാചന്ദ് ഇന്റർ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ സിദ്ധേശ്വർ പാണ്ഡേയെ വെടിവെച്ചു കൊന്ന കേസിലും പ്രതിയാണ്. 2004 ൽ ഒരു കേബിൾ ടിവി വ്യവസായിയെ കൊലപ്പെടുത്തി. 2018ൽ സ്വന്തം സഹോദരനെ വധിക്കാൻ ശ്രമിച്ച കേസുമുണ്ട്.
പിടികൂടാനെത്തിയെ പൊലീസിന് നേരെ ദുബെ വെടിയുതിർക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബിക്രു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഡി.എസ്.പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം 8 പേരാണ് കൊല്ലപ്പെട്ടത്. എ.കെ 47 അടക്കമുള്ള തോക്കുകളാണ് ഉപയോഗിച്ചത്. പൊലീസുകാരുടെ പ്രത്യാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുവെങ്കിലും ദുബെയും സംഘവും രക്ഷപ്പെട്ടു.