വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ളണ്ട് 204ന് ആൾഒൗട്ട്
ജാസൺ ഹോൾഡർക്ക് ആറ് വിക്കറ്റ്, ഷാനോണിന് നാലുവിക്കറ്റ്
സതാംപ്ടൺ : കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ടെസ്റ്റിൽ വിൻഡീസ് ബൗളിംഗിനെതിരെ പിടിച്ചു നിൽക്കാനാകാതെ ആതിഥേയരായ ഇംഗ്ളണ്ട്. ആദ്യ ദിനം വളരെ കുറച്ചു നേരം മാത്രം കളി നടന്ന മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഇംഗ്ളണ്ട് 204 റൺസിന് ആൾഒൗട്ടായി.ആറ് വിക്കറ്റുകൾ വീഴ്ത്തിയ വിൻഡീസ് നായകൻ ജാസൺ ഹോൾഡറും നാലുവിക്കറ്റ് വീഴ്ത്തിയ ഷാനോൺ ഗബ്രിയേലും ചേർന്നാണ് ഇംഗ്ളണ്ടിന്റെ അടിത്തറയിളക്കിയത്.മറുപടി ഇന്നിംഗ്സിനിറങ്ങിയ വിൻഡീസ് രണ്ടാം ദിനം കളി നിറുത്തുമ്പോൾ 57/1 എന്ന നിലയിലാണ്.
ആദ്യ ദിനം ഏറെക്കുറെ മഴ അപഹരിച്ചപ്പോൾ 35/1 എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്.ഒാപ്പണർ ഡോം സിബിലിയുടെ വിക്കറ്റാണ് ആദ്യ ദിനം നഷ്ടമായിരുന്നത്. സിബിലിയെ ബൗൾഡാക്കിയ പേസർ ഷാനോൺ ഗബ്രിയേൽ ഇന്നലെ ലഞ്ചിന് മുമ്പ് രണ്ട് പേരെക്കൂടി പുറത്താക്കി. നായകൻ ജാസൺ ഹോൾഡറും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
ഇന്നലെ രാവിലെ ജോ ഡെൻലിയെ (18) ബൗൾഡാക്കി ഷാനോൺ തന്നെയാണ് പ്രഹരമേൽപ്പിച്ചത്. ടീം സ്കോർ 48-ൽ വച്ചാണ് ഡെൻലി മടങ്ങിയത്.തന്റെ തൊട്ടടുത്ത ഒാവറിൽ അതുവരെ പിടിച്ചുനിന്ന റോയ് ബേൺസിനെയും (30) ഷാനോൺ മടക്കി അയച്ചു. 85 പന്തുകൾ നേരിട്ട് നാലുബൗണ്ടറികൾ പറത്തിയിരുന്ന റോയ് വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു.
തുടർന്ന് ക്രീസിലേക്കെത്തിയ നായകൻ ബെൻ സ്റ്റോക്സ് (43) പൊരുതി നിൽക്കവേ സാക്ക് ക്രാവ്‌ലി(10), ഒലീ പോപ്പ് (12) എന്നിവരെ ഹോൾഡർ മടക്കിയയച്ചു. ക്രാവ്‌ലി എൽ.ബിയിൽ കുരുങ്ങിയപ്പോൾ പോപ്പ് ക്യാച്ച് നൽകുകയായിരുന്നു. ഇതോടെ ഇംഗ്ളണ്ട് 87/5 എന്ന നിലയിലായി. തുടർന്നിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്‌ലർ(35) മികച്ച പിന്തുണയേകിയതോടെ സ്റ്റോക്സ് ടീമിനെ മുന്നോട്ട് നയിച്ചു. 106/5 എന്ന നിലയിലാണ് ലഞ്ചിന് പിരിഞ്ഞത്. ലഞ്ചിന് ശേഷവും സഖ്യം തുടർന്നതോടെ ഇംഗ്ളണ്ട് 150 കടന്നു.154ലെത്തിയപ്പോൾ ഹോൾഡർ സ്റ്റോക്സും മടങ്ങി. ഹോൾഡർക്കായിരുന്നു വിക്കറ്റ്.ബട്ട്‌ലർ,ആർച്ചർ(0),മാർക്ക് വുഡ് (5) എന്നിവരെയും ഹോൾഡറാണ് മടക്കി അയച്ചത്.അവസാന വിക്കറ്റിൽ ഡോം ബസും (31) ആൻഡേഴ്സണും (10) കൂട്ടിച്ചേർത്ത 30 റൺസാണ് 200 കടത്തിവിട്ടത്.