amelia-earhart

അമേലിയ എയർഹാർട്ട്... അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ഒറ്റയ്‌ക്ക് പറന്ന ആദ്യ വനിത പൈലറ്റ്. പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ലോകത്തെ 16ാമത്തെ സ്ത്രീ. ആരെയും വിസ്മയിപ്പിക്കുന്ന നിരവധി നേട്ടങ്ങളാണ് അമേലിയ കൈപ്പിടിയിലാക്കിയത്. 1928ലായിരുന്നു അറ്റ്‌ലാന്റിക്കിന് മുകളിലൂടെയുള്ള അമേലിയയുടെ ചരിത്രയാത്ര. സാഹസിക വൈമാനികയായ അമേലിയ ചുരുങ്ങിയ കാലയളവിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കി.

അങ്ങനെയിരിക്കെ 1937 മാർച്ച് 17ന് ലോകം ചുറ്റുന്ന ആദ്യ വനിത പൈലറ്റ് എന്ന ലക്ഷ്യത്തോട് കൂടി കാലിഫോർണിയയിൽ നിന്നും സഹായി ഫ്രെഡ് നൂനാനൊപ്പം

ഇലക്ട്ര 10 - ഇ വിമാനത്തിൽ അമേലിയ യാത്ര ആരംഭിച്ചു. പസഫിക് സമുദ്രത്തിന് മുകളിലെത്തിയപ്പോൾ അമേലിയയുടെ വിമാനത്തിന് ചില തകരാറുകൾ ഉണ്ടായി. ഹവായിലെത്തി ഇത് പരിഹരിച്ച് യാത്ര ആരംഭിക്കെ വിമാനത്തിന് റൺവെയിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ടു. ഒടുവിൽ ഇരുവരും വിമാനവുമായി കാലിഫോണിയയിലേക്ക് മടങ്ങി തകരാറുകൾ പരിഹരിച്ചു. പടിഞ്ഞാറ് ദിശയിലേക്ക് യാത്ര തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് യാത്ര കിഴക്ക് ദിശയിലേക്ക് മാറ്റി. ആഫ്രിക്കയെ ലക്ഷ്യമാക്കി അമേലിയയുടെ വിമാനം കിഴക്ക് ദിശയിലേക്ക് പറന്നു.

amelia-earhart

ജൂൺ 29ന് അമേലിയ ന്യൂഗിനിയ വരെ എത്തിയിരുന്നു. ഇനി 7,000 മൈലുകൾ കൂടി താണ്ടിയാൽ യാത്ര വിജയകരമായി പൂർത്തിയാക്കാമായിരുന്നു. ജൂലായ് 2ന് ഓസ്ട്രേലിയയ്ക്കും ഹവായിയ്ക്കും മദ്ധ്യേയുള്ള ഹൗലാൻഡ് ദ്വീപിനടുത്തെത്തിയെങ്കിലും വിമാനത്തിന് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി. അമേരിക്കൻ കോസ്റ്റ്ഗാർഡിന്റെ ഇറ്റാസ്ക എന്ന കപ്പലിലേക്കായിരുന്നു ഏകദേശം ലക്ഷ്യത്തിലേക്ക് അടുത്ത അമേലിയയുടെ അവസാന സന്ദേശം ലഭിച്ചത്. ' ഞങ്ങൾ നിങ്ങളുടെ മുകളിലെത്തിയിരിക്കുന്നു. എന്നാൽ ഞങ്ങൾക്ക് ഒന്നും കാണാനാകുന്നില്ല. ഇന്ധനം കുറവാണ്. റേഡിയോയിലൂടെ നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നില്ല.1,000 അടി മുകളിലാണ് ഞങ്ങൾ ഇപ്പോൾ'.

amelia-earhart

അമേലിയയുടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ട ഉടൻ തന്നെ അധികൃതർ തെരച്ചിൽ ആരംഭിച്ചു. എന്നാൽ വിമാനത്തിന്റെ തുമ്പു പൊലും കണ്ടെത്താനായില്ല. അമേലിയയുടെ വിമാനത്തിന്റെ ഇന്ധനം തീർന്ന് കടലിൽ പതിച്ചിരിക്കാമെന്ന് ഒടുവിൽ അനുമാനിച്ചു. കാണാതാകുമ്പോൾ 39 വയസായിരുന്നു അമേലിയയ്‌ക്ക്. 1939 ജനുവരിയിൽ അമേലിയ മരിച്ചിരിക്കാമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അമേലിയയെ കാണാതായി മൂന്ന് വർഷങ്ങൾക്ക് ശേഷം ഹൗലൻഡ് ദ്വീപിന് സമീപമുള്ള ഒറ്റപ്പെട്ട ദ്വീപായ നികുമറോറോയിൽ നിന്നും ചില അസ്ഥികൾ കണ്ടെത്തിയിരുന്നു. ഇപ്പോഴും ദ്വീപിനെ ചുറ്റിപ്പറ്റി തെരച്ചിലുകൾ നടക്കുന്നുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ ചില അസ്ഥികളിൽ വീണ്ടും ഫോറൻസിക് പരിശോധനകൾ നടത്താനുള്ള ഒരുക്കത്തിലാണ് ഗവേഷകർ. ഒരു പക്ഷേ, അമേലിയയുടെ വിമാനം ഇവിടെ ലാൻഡ് ചെയ്‌തിരാക്കാമെന്നും അല്ലെങ്കിൽ ശത്രുക്കൾ തട്ടിക്കൊണ്ട് പോയതാകാമെന്നും നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും കാണാതായി എട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും അറ്റ്‌ലാന്റിക്കിന് മുകളിലൂടെ വിമാനം പറത്തിയ അമേലിയയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് ഇന്നും ആർക്കുമറിയില്ല.