വർക്കല: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വർക്കല ചെറുന്നിയൂർ വില്ലേജിൽ വെന്നിയോട് ദേശത്ത് കട്ടിംഗിന് സമീപം രേവതി നിലയത്തിൽ ബിജിത്ത് (22) ആണ് അറസ്റ്റിലായത്. കരുനിലക്കോട് സ്വദേശിനിയായ വിദ്യാർത്ഥിയെ ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് സൗഹൃദത്തിലാക്കിയ ശേഷം 2019 ഡിസംബർ, 2020 ജനുവരി മാസങ്ങളിലെ വിവിധ തീയതികളിൽ വർക്കല പുന്നമൂട്, വർക്കല വെട്ടൂർ, വർക്കല വെന്നിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയെന്ന് അവകാശപ്പെട്ട പ്രതിയോട് സൗഹൃദക്കുറവ് കാണിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വീട്ടുകാർ വർക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്‌കൂളുകളുടെ പരിസരത്ത് കറങ്ങിനടന്ന് പെൺകുട്ടികളെ സൗഹൃദത്തിലാക്കി ചൂഷണം ചെയ്തുവരുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വർക്കല പൊലീസ് എസ്.എച്ച്.ഒ ജി.ഗോപകുമാർ,സബ് ഇൻസ്‌പെക്ടർ അജിത്ത്കുമാർ.പി,എസ്.സി.പി.ഒ ഹരീഷ്,വനിതാ എസ്.സി.പി.ഒ ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.