നെടുമങ്ങാട് : ഡോക്ടറിനു പിന്നാലെ പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ പനവൂരിൽ നിയന്ത്രണം ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പനവൂർ സ്വദേശിക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ പൂന്തുറയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നു.ഇയാൾ എത്തിയ നെടുമങ്ങാട് വാളിക്കോട്ടെ സ്വകാര്യ സ്‌കൂൾ, ഇലക്ട്രിസിറ്റി ഓഫിസ്, പനവൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഫയർ ഫോഴ്സ് അധികൃതർ അണു നശീകരണം നടത്തി.പൊലീസുകാരൻ എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവരോട് ക്വറന്റൈനിൽ പോകാൻ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ മുപ്പതിന് പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയവർക്കുള്ള സ്രവ പരിശോധന ഇന്ന് നടക്കും.ഇന്നലെ നടത്താനിരുന്ന പരിശോധന ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ആറ്റുകാൽ സർക്കാർ യു പി സ്‌കൂളിലാണ് പരിശോധന.