k-surendran

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതരായി ഒളിവിൽ കഴിയുന്നവർക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കസ്റ്റംസ് തിരയുന്ന സന്ദീപ് നായരുടെ ബി.ജെ.പി ബന്ധത്തെക്കുറിച്ചും വിഷയവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ബി.ജെ.പി കൗൺസിലർ രമേശനുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നുമാണ് കെ.സുരേന്ദ്രൻ വഴുതിമാറിയത്.

അതേസമയം കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന ബി.ജെ.പി അനുഭാവിയും ബി.എം.എസ് നേതാവുമായ ഹരിരാജിനെ അറിയില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സ് യൂണിയൻ സംസ്ഥാന നേതാവാണ് ഹരിരാജ്‌. സന്ദീപ് നായർക്ക് ബി.ജെ.പിയുമായുള്ള ബന്ധം സന്ദീപിന്റെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സന്ദീപ് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രവും, ഇയാളുടെ ബി.ജെ.പി ബാന്ധവം വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.