സാവോ പോളോ : കഴിഞ്ഞ ദിവസമാണ് ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ബൊൽസൊനാരോ തന്നെയാണ് മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. ബൊൽസൊനാരോയുടെ പ്രസ്താവന ബ്രസീലിയൻ ടെലിവിഷനുകളിൽ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാൽ, ബൊൽസൊനാരോ തന്റെ രോഗവിവരം സ്ഥിരീകരിക്കുന്ന സമയം അടുത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരെല്ലാം പുലിവാല് പിടിച്ചിരിക്കുകയാണ്. ബൊൽസൊനാരോയുടെ അഭിമുഖം റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമപ്രവർത്തകരെയെല്ലാം കൂട്ടത്തോടെ ക്വാറന്റൈനിലാക്കി.
സി.എൻ.എൻ ബ്രസീൽ, ടിവി റെക്കോർഡ്സ്, ടിവി ബ്രസീൽ തുടങ്ങിയ മാദ്ധ്യമങ്ങളുടെ പ്രതിനിധികൾ മൈക്കുകളുമായി ബൊൽസൊനാരോ തന്റെ രോഗവിവരം പറയുന്ന സമയം അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നു. ഈ സമയം ഇവരാരും തന്നെ ബൊൽസൊനാരോയിൽ നിന്നും ആറടി അകലത്തിലുമല്ലായിരുന്നു.
രോഗവിവരം വെളിപ്പെടുത്തിയ 65 കാരനായ ബൊൽസൊനാരോ ഇതിനിടെ മാദ്ധ്യമപ്രവർത്തകരിൽ നിന്നും അല്പം പിറകിലേക്ക് മാറി തന്റെ മാസ്ക് അഴിച്ച് മാറ്റിയിരുന്നു. താൻ ഇപ്പോഴും ആരോഗ്യവാനാണെന്ന് തന്റെ മുഖം കണ്ടാൽ വ്യക്തമാകും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ബൊൽസൊനാരോ മാസ്ക് നീക്കി കാണിച്ചത്.
ബൊൽസൊനാരോയുടെ അഭിമുഖത്തിന് തൊട്ടുപിന്നാലെ തന്നെ മാദ്ധ്യമപ്രവർത്തകരോടെല്ലാം ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതായി സി.എൻ.എൻ ബ്രസീൽ ഉൾപ്പെടയുള്ള മാദ്ധ്യമ സ്ഥാപനങ്ങൾ അറിയിച്ചു. എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
ബൊൽസൊനാരോയുടെ പ്രവൃത്തിയ്ക്കെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കാൻ ഒരുങ്ങുകയാണ് ബ്രസീലിയൻ പ്രസ് അസോസിയേഷൻ. ബൊൽസൊനാരോ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതായും മാദ്ധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കിയതായും പ്രസ് അസോസിയേഷൻ ആരോപിച്ചു. രോഗം സ്ഥിരീകരിച്ചിട്ടും മാദ്ധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയ ബൊൽസൊനാരോയ്ക്കെതിരെ രാജ്യമെമ്പാടും ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. 1,719,660 പേർക്കാണ് ബ്രസീലിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചത്. 68,089 പേർ മരിച്ചു.