കൊവിഡ് മഹാമാരി ലോകത്തെ കീഴടക്കുന്നതിന് മുൻപ് തന്നെ സമാനമായ സാഹചര്യങ്ങളെക്കുറിച്ച് ലോകത്തുണ്ടായ നോവലുകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായിരുിന്നു. പല നോവലുകളിലും കൊവിഡിന് സമാനമായ വൈറസ് ലോകത്ത് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.. ഈ പട്ടികയിലേക്ക് ഇതാ മറ്റൊരു പുസ്തകം കൂടി. പോൾ ട്രെംബ്ലെയുടെ ഹൊറർ നോവലായ 'സർവൈവർ സോംഗ്'. ആണ് വേഗത്തിൽ പടരുന്ന ഒരുതരം വൈറസിനെക്കുറിച്ച് പറയുന്നത്.. നോവൽ ഇറങ്ങിയിട്ട് അധികനാളുകളായില്ല. കൊവിഡ് ലോകത്തെ പിടിമുറുക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം ഈ നോവൽ എഴുതിയത്. 22019 ഒക്ടോബറിലാണ് നോവൽ പുറത്തിറങ്ങിയത്. ഇന്ന് കൊവിഡ് രോഗബാധ കാരണം ജനങ്ങൾ അനുഭവിക്കുന്ന പലകാര്യങ്ങളും നോവലിൽ പറയുന്നതിന് സമാനമാണ്.
ട്രെംബ്ലെയുടെ എട്ടാമത്തെ നോവലാണ് സർവൈവർ സോംഗ്. വേഗത്തിൽ പടരുന്ന റാബിസ് പോലുള്ള ഒരു വൈറസ് ആളുകളെ മാംസദാഹികളാക്കി മാറ്റുന്നതിനെക്കുറിച്ചാണ് നോവലിൽ പറയുന്നത്. പുതിയ വൈറസിനെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഓൺലൈനിൽ, ഇതിനെ കുറിച്ച് എത്രമാത്രം ആശങ്കാകുലരാകണമെന്നത് ആളുകൾ ചർച്ച ചെയ്യുന്നു. മെഡിക്കൽ ഓഫീസർമാർ അവരുടെ ആശുപത്രികളുടെ ദുർബലമായ ആരോഗ്യസംവിധാനങ്ങളെ കുറിച്ച് സംസാരിക്കുന്നു. സംരക്ഷണ ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ചും പി.പി.ഇ കിറ്റുകളെക്കുറിച്ചും ആശങ്കപ്പെടുന്നു.
എന്നാൽ നോവൽ ട്രെബ്ലെയുടെ ഭാവന മാത്രമല്ല. നോവലിന് പ്രചോദനമായ സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. 2014 എബോള പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരു ആശുപത്രിയിൽ ജോലി ചെയ്‍തിരുന്ന ബന്ധുവായ ഒരു നഴ്‍സ് വഴി അദ്ദേഹം അപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് മനസിലാക്കിയിരുന്നു. മഹാമാരി അമേരിക്കയിൽ വ്യാപിച്ചതിനെ തുടർന്ന് അന്നും സ്റ്റേ-അറ്റ്-ഹോം ഓർഡറുകൾ വ്യാപകമായിരുന്നു. അമേരിക്കയുടെ മോശം ആരോഗ്യസംവിധാനത്തെ കുറിച്ചും, അസുഖം അതിവേഗത്തിൽ പടരുന്ന പ്രവണതയെ കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. ഈ ഗവേഷണങ്ങളിൽ നിന്നുള്ള കണ്ടെത്തലുകളും തന്റെ നോവലിൽ അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു.