'സെൽഫ് ഡ്രൈവിംഗ് കാറുകൾ' അഥവാ 'ഡ്രൈവറില്ലാ വാഹനങ്ങളെ' ടെക്ക്/വാഹന കമ്പനികൾ സ്വപ്നം കാണാനായി തുടങ്ങിയിട്ട് കുറച്ച് നാളുകളായി. എന്നാൽ അധികം വൈകാതെ തന്നെ ഈ സ്വപ്നം യാഥാർഥ്യമാകുമെന്നാണ് ടെസ്ല കാർ കമ്പനി, എയ്‌റോസ്പേസ് വെഹിക്കിൾ നിർമാണ കമ്പനിയായ സ്പേസ് എക്സ് എന്നിവയുടെ സ്ഥാപകനായ ഇലോൺ മസ്ക് പറയുന്നത്. ഡ്രൈവറുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുമുള്ള സഹായവും ആവശ്യമില്ലാത്ത വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ തൊട്ടടുത്ത് നാം എത്തിയതായാണ് ഇലോൺ മസ്ക് പറയുന്നത്.
'ഇക്കാര്യം സാക്ഷാത്കരിക്കുന്നതിൽ നമ്മൾ വളരെ അടുത്തെത്തിയതായാണ് എനിക്ക് തോന്നുന്നത്. അടിത്തനപരമായി വലിയ വെല്ലുവിളികളൊന്നും ഇനി ബാക്കിയില്ല. ഈ പദ്ധതി(ലെവൽ 5 ഓട്ടോണോമി) ഈ വർഷം തന്നെ പൂർത്തീകരിക്കാൻ സാധിക്കുമെന്നും ഞാൻ കരുതുന്നു. ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ ആ ചെറിയ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഈ സംവിധാനത്തെ ഒന്നിച്ച് കൊണ്ടുവരാനാണ് ഞാൻ നോക്കുന്നത്.' മസ്ക് പറയുന്നു.
നിലവിലെ ടെസ്ല സാങ്കേതിക വിദ്യയായ 'ലെവൽ 2 ഓട്ടോപൈലറ്റി'ന് ഒരു കാർ ഓടുമ്പോൾ ഒരു ഡ്രൈവറുടെ സഹായം ആവശ്യമായുണ്ട്. കാർ ഓടുമ്പോൾ സ്റ്റീയറിംഗിൽ ഡ്രൈവറുടെ കൈകൾ വേണമെന്നും ഉണ്ട്. ഇക്കാര്യം ഒരു പോരായ്മയായി കണക്കാക്കുന്ന ഇലോൺ, ഈ സാങ്കേതിക വിദ്യയുടെ അടുത്ത പതിപ്പിൽ(ലെവൽ 5 ഓട്ടോണോമി) ഈ ന്യൂനത തീർച്ചയായും പരിഹരിക്കപ്പെടുമെന്നും പറയുന്നു. ഇതിനായി പുതിയ ഹാർഡ്വെയർ ആവശ്യമായി വരില്ലെന്നും മസ്ക് വ്യക്തമാക്കി.