cipla-

ബെംഗളൂരു : കൊവിഡ് രോഗികള്‍ക്ക് പ്രതീക്ഷ നൽകി ആഗോളതലത്തിൽ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്ന് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമാതാക്കളായ സിപ്ല ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിപ്രെമി എന്നപേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. 100 മില്ലി ഗ്രാമിന്റെ ചെറു മരുന്നു കുപ്പിക്ക് 4,000 രൂപയാണ് ഈടാക്കുന്നത്. 53.34 യുഎസ് ഡോളര്‍ എന്നത് ആഗോള അടിസ്ഥാനത്തില്‍ ഏറ്റവും കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, വിലയെക്കുറിച്ച്‌ സിപ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലിറക്കുന്ന മരുന്നിന് 5,000 രൂപയില്‍ കൂടില്ലെന്ന് സിപ്ല നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യ ബാച്ച്‌ മരുന്നുകള്‍ പുറത്തിറങ്ങിയതായി സിപ്ലയ്ക്കായി മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സോവറിന്‍ ഫാര്‍മ ക അറിയിച്ചു. ആദ്യ ബാച്ചായി ഉത്പാദിപ്പിച്ച 10,000 കുപ്പികളില്‍ വിലയുടെ സ്ഥാനത്ത് 4,000 എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരുന്നിന്റെ യൂറോപ്യന്‍ വകഭേദത്തിന് 4,800 രൂപയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആദ്യമാസം 80000 കുപ്പിമരുന്ന് ഉത്പാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപ്ല എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ഇന്ത്യ ബിസിനസ് സി.ഇ.ഒയുമായ നിഖിൽ ചോപ്ര അറിയിച്ചു. തത്കാലം മരുന്ന് സർക്കാർ വഴിയും ആശുപത്രികൾ വഴിയുമായിരിക്കും വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി റെഡിസിവർ മരുന്നിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഹെറ്റെറോ ലാബ്‌സ് ലിമിറ്റഡിന്റെ റെംഡെസിവിര്‍ മരുന്നായ കോവിഫോറിന്റെ ഒരു ചെറു കുപ്പിക്ക് 5,400 രൂപയാണ് ഈടാക്കുന്നത്. അതേസമയം, റെംഡെസിവിറിന്റെ യഥാര്‍ഥ ഉത്പാദകരായ ഗിലെയദ് സയന്‍സസ് കമ്ബനി 100 എം.ജി കുപ്പിക്ക് 390 യു.എസ് ഡോളറാണ് (29,000 രൂപ) വിലയിട്ടിരിക്കുന്നത്.